കോഴിക്കോട്: മസ്ജിദിൽ നിക്കാഹിൽ പങ്കെടുത്ത് വിവാദത്തിലായ വധു ബഹ്ജ ദലീല പ്രതികരണവുമായി രംഗത്ത്. ബാപ്പയ്ക്കും വരനുമൊപ്പം തന്റെ നിക്കാഹിൽ പങ്കെടുത്തതാണ് ജീവിതത്തിലെ ഏറ്റവും വലിയ സൗഭാഗ്യമെന്ന് യുവതി പറഞ്ഞു. നിർണായക മുഹൂർത്തത്തിൽ നിന്ന് തന്റെ സാന്നിധ്യം വിലക്കുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് വധു ചോദിച്ചു.താനില്ലെങ്കിൽ നിക്കാഹിന് എന്ത് അർത്ഥമാണുള്ളതെന്നും വധു ചോദിക്കുന്നു.
നിക്കാഹിൽ വധുവിന്റെ സാന്നിധ്യം മതഗ്രന്ഥം വിലക്കിയിട്ടില്ല. ഗൾഫിൽ ഇത് പണ്ടുതൊട്ടേയുണ്ട്. പുരോഗമനാശയം പുലർത്തുന്നു എന്നവകാശപ്പെടുന്ന പള്ളി കമ്മിറ്റിയുടെ നിലപാട് ആശ്ചര്യപ്പെടുത്തി. ലോകം മാറുന്നത് തിരിച്ചറിയണം. പരിഷ്കൃത ലോകത്തിന്റെ സൗകര്യത്തിൽ ജീവിച്ച് പഴകിപ്പുളിച്ചതിനെ പുൽകുകയുമാണ് പലരും. അതിൽ കുടുംബത്തിന് ഉത്തരവാദിത്വമില്ലെന്നും വധുവിന്റെ സഹോദരൻ വ്യക്തമാക്കി.
സിവിൽ എൻജിനിയറായ വടക്കുമ്പാട്ടെ ഫഹദ് കാസിമുമായിട്ടായിരുന്നു എംഎസ്ഡബ്ല്യു ബിരുദധാരിയായ ബഹ്ജയുടെ വിവാഹം. സ്വർണം വേണ്ടെന്നും സ്വന്തം നിക്കാഹിൽ തനിക്ക് പങ്കെടുക്കണമെന്നും യുവതി വീട്ടുകാരോട് ആഗ്രഹം അറിയിച്ചു. തുടർന്ന് സെക്രട്ടറി മതപണ്ഡിതനുമായി കൂടിയാലോചിച്ചാണ് അനുമതിനൽകിയത്. ജുമാ നമസ്കാരത്തിനും മറ്റും സ്ത്രീകൾക്ക് പ്രവേശനമുള്ള പള്ളിയാണിത്. എന്നാൽ വിവാഹ വാർത്തകൾ പുറത്ത് വന്നതോടെ ചിലർ എതിർപ്പുമായി രംഗത്തെത്തുകയും മഹല്ല് കമ്മിറ്റി നിക്കാഹ് നടത്തിയ രീതിയെ എതിർക്കുകയുമായിരുന്നു.
Comments