ഹരിയാനയിലെ കൊടും കുറ്റാവാളികളുടെ പോലീസ് ലിസ്റ്റിൽ ഒരു സിനിമാ താരവും. പോലീസിന്റെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലാണ് പാഷ എന്നറിയപ്പെടുന്ന ഓം പ്രകാശ് ഉള്ളത്. മുൻ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥൻ കൂടിയായ ഓം പ്രകാശ് പോലീസിന്റെ കണ്ണിൽപ്പെടാതെ ഒളിച്ചു കഴിഞ്ഞത് 30 വർഷങ്ങളാണ്. ഇരുപത്തിയെട്ടോളം സിനിമകളിൽ ഇയാൾ അഭിനയിച്ചിട്ടുണ്ട്. കവർച്ചയും കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ പോലീസിന്റെ കണ്ണുവെട്ടിച്ച് അയൽ സംസ്ഥാനമായ ഉത്തർപ്രദേശിലാണ് ഓം പ്രകാശ് ഒളിച്ചു കഴിഞ്ഞിരുന്നത്. അവസാനം ഗാസിയാബാദ് നഗരത്തിലെ ഒരു ചേരിയിൽ നിന്ന് പോലീസിന്റെ പിടിയിലായി.
1992 ലാണ് കേസിനാസ്പദമായ സംഭവം. ഓം പ്രകാശും സുഹൃത്തും ചേർന്ന് ഒരു ബൈക്ക് യാത്രികനെ കൊള്ളയടിക്കാൻ ശ്രമിച്ചു. എന്നാൽ കായികമായി യാത്രികൻ എതിർത്തതോടെ ഇരുവരും ചേർന്ന് അയാളെ കുത്തി കൊലപ്പെടുത്തുകയായിരുന്നു. നാട്ടുകാർ ഓടി കൂടിയതോടെ ഓം പ്രകാശ് രക്ഷപ്പെട്ടു. കൂട്ടാളിയെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. പിന്നാലെ ഓം പ്രകാശിനു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു. എന്നാൽ കണ്ടുപിടിക്കാൻ കഴിയാതെ വന്നതോടെ കൊടും കുറ്റവാളികളുടെ ലിസ്റ്റിൽ ഓം പ്രകാശിനെ പോലീസ് ചേർത്തു. കവർച്ചയുമായി ബന്ധപ്പെട്ട് ഇതിന് മുമ്പും ഇയാൾക്കെതിരെ കേസുകളുണ്ടായിരുന്നു.
കൊലപാതകം നടത്തി ഓംപ്രകാശ് ആദ്യം കടന്നത് തമിഴ്നാട്ടിലേയ്ക്കും ആന്ധാപ്രദേശിലേയ്ക്കുമാണ്. അവിടങ്ങളിലെ ക്ഷേത്രങ്ങളിൽ ഇയാൾ അഭയം പ്രാപിച്ചു. പിന്നീട് ഉത്തരേന്ത്യയിലേയ്ക്ക് തിരിച്ചെത്തി. ഉത്തർപ്രദേശിലെ ഗാസിയാബാദിലെത്തി ട്രക്ക് ഡ്രൈവറായി ജോലി ചെയ്തു. 1997-ൽ രാജ്കുമാരി എന്ന യുവതിയെ ഓംപ്രകാശ് വിവാഹം കഴിച്ചു. മറ്റൊരു നാമം സ്വീകരിച്ച് പുതിയ വോട്ടർ ഐഡി സ്വന്തമാക്കി. യഥാർത്ഥ പേരും സ്ഥലവും നാട്ടിൽ വെളിപ്പെടുത്താതെ പിന്നീടുള്ള കാലങ്ങളിൽ ഇയാൾ സുഖമായി ജീവിച്ചു. മൂന്ന് മക്കളുടെ പിതാവ് കൂടിയായ 65 കാരനെ അവസാനം പോലീസ് അറസ്റ്റു ചെയ്യുമ്പോൾ തീർത്തും ദുർബ്ബലനാണ്. പഴയ കേസിനെപ്പറ്റിയും ആരോപണങ്ങളെപ്പറ്റിയും ഇതുവരെ ഇയാൾ പ്രതികരിക്കാൻ തയ്യാറായിട്ടില്ല എന്ന് പോലീസ് പറയുന്നു. പോലീസ് ഉദ്യോഗസ്ഥനായും ഗ്രമത്തലവനായും വില്ലനായുമെല്ലാം സിനിമയിൽ വേഷമണിഞ്ഞ ഓംപ്രകാശ് ജീവിതത്തിൽ വേഷങ്ങളെ കടത്തിവെട്ടുന്ന കൊടും വില്ലനായിരുന്നു.
Comments