തിരുവല്ല: മദ്യലഹരിയിലുണ്ടായ വാക്കു തർക്കത്തിനൊടുവിൽ അനിയനെ ജ്യേഷ്ഠൻ വെട്ടി. അക്രമിച്ച ശേഷം രക്ഷപ്പെട്ടോടിയ ജ്യേഷ്ഠൻ കാൽ വഴുതി വീണു മരിച്ചു. പെരിങ്ങര ചിറയിൽ വീട്ടിൽ സന്തോഷാണ്(43) മരിച്ചത്. സഭവം കണ്ട് ആളുകൾ ഓടിക്കൂടിയതോടെ പഞ്ചായത്ത് ഓഫീസിന്റെ മതിൽ ചാടിക്കടക്കാനുളള ശ്രമത്തിനിടെ കാൽ വഴുതി സന്തോഷ് വീഴുകയായിരുന്നു. ഇളയ സഹോദരൻ സജീവനെയാണ്(39) ഇയാൾ കത്തി ഉപയോഗിച്ച് വെട്ടിയത്.
പെരിങ്ങര പഞ്ചായത്ത് ഓഫീസിന്റെ അഞ്ചരയടിയോളം പൊക്കമുള്ള മതിൽ ചാടിക്കടക്കാൻ സന്തോഷ് ശ്രമിച്ചു. എന്നാൽ കാൽ വഴുതി മുഖമടിച്ച് പഞ്ചായത്ത് ഓഫീസിന്റെ പരിസരത്ത് വീഴുകയായിരുന്നു. മുട്ടൊപ്പമുള്ള വെള്ളക്കെട്ടിലേക്കാണ് സന്തോഷ് പതിച്ചത്. മദ്യലഹരിയായതിനാലും വിഴ്ചയുടെ ആഘാതത്തിലും മുഖത്തുണ്ടായ പരിക്കോ, മുങ്ങിമരണമോ ആകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സന്തോഷിന്റെ മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വെട്ടുകൊണ്ട് ഇടതു ചെവിക്ക് ആഴത്തിൽ മുറിവേറ്റ സജീവനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. മരിച്ച സന്തോഷ് ഓട്ടോ ഡ്രൈവറാണ്. സഹോദരങ്ങൾ തമ്മിൽ മദ്യപിച്ചെത്തി വഴക്ക് പതിവാണെന്ന് അയൽ വാസികൾ പറഞ്ഞു. അയൽവീട്ടിലെ സെപ്ടിക് ടാങ്കിന്റെ പേരിൽ ഇരുവരും തമ്മിൽ കഴിഞ്ഞ ദിവസം വാക്കു തർക്കം ഉണ്ടായിരുന്നു. ഇതേ തുടർന്നുള്ള തർക്കമാണ് വാക്കേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പുളിക്കീഴ് പോലീസ് കേസെടുത്തു.
Comments