വാഷിംഗ്ടൺ: അമേരിക്കൻ പ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തിന് ശേഷമുള്ള ചൈനയുടെ പ്രതികരണങ്ങൾ ബാലിശവും നിരുത്തരവാദപരവുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ. പെലോസിയുടെ സന്ദർശനത്തിന്റെ പേരിൽ ആഗോള പ്രാധാന്യമുള്ള വിഷയങ്ങളിലുള്ള സഹകരണത്തിൽ നിന്നും ചൈന പിന്നോട്ട് പോയി. ഇത് ശരിയായ പ്രവണതയല്ലെന്ന് ബ്ലിങ്കൻ പറഞ്ഞു.
പെലോസിയുടെ സന്ദർശനത്തിന് ശേഷം എട്ട് വ്യത്യസ്ത മേഖലകളിലാണ് ചൈന സഹകരണം നിർത്തി വെച്ചിരിക്കുന്നത്. തായ്‌വാൻ കടലിടുക്കിലൂടെയാണ് ലോകത്തിലെ 90 ശതമാനം വലിയ കപ്പലുകളും കടന്ന് പോകുന്നത്. ഇത്തരം കാര്യങ്ങളിൽ വീണ്ടു വിചാരമില്ലാതെ ഇടപെടൽ നടത്തിയാൽ അത് ലോകത്തെ ആകമാനം ബാധിക്കും. ബ്ലിങ്കൻ ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങൾക്കിടയിലെ സൈനിക സാമഗ്രികളുടെ നീക്കം, രാജ്യാന്തര കുറ്റവാളികൾക്കും മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും എതിരായ സഹകരണം എന്നിവയെയും ചൈനയുടെ നിസ്സഹകരണം ബാധിക്കുമെന്നും അമേരിക്ക ചൂണ്ടിക്കാട്ടി.
അമേരിക്കയുമായുള്ള കാലാവസ്ഥാ രംഗത്തെ സഹകരണം പോലും ചൈന അവസാനിപ്പിച്ചിരിക്കുകയാണ്. ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന രാജ്യമായ ചൈന തന്നെ കാലാവസ്ഥാ പ്രതിസന്ധി പരിഹരിക്കാൻ സഹകരിക്കാത്ത സ്ഥിതിയാണുള്ളത്. ഇത് അമേരിക്കയെ മാത്രമല്ല, ലോകത്തെ മുഴുവൻ ജനങ്ങളെയും ബാധിക്കുന്ന വിഷയമാണ്. ബ്ലിങ്കൻ പറഞ്ഞു.
Comments