തിരുവനന്തപുരം : മുൻ ഡിജിപി ലോക്നാഥ് ബെഹ്റ സർവ്വീസിലിരിക്കെ ക്രമക്കേടുകൾ കാണിച്ച് സർക്കാരിന്റെ ചെലവ് വർദ്ധിപ്പിച്ചതായി ആരോപണം. ഭാര്യയ്ക്ക് ജോലി സ്ഥലത്ത് അനുമതിയില്ലാതെ സുരക്ഷയ്ക്കായി പോലീസുകാരെ നിയമിക്കുകയും അതിലൂടെ മൂന്ന് കോടി ചെലവഴിക്കുകയും ചെയ്തു എന്നാണ് ആരോപണം. ടെക്നോ പാർക്കിലാണ് ബെഹ്റുടെ ഭാര്യ ജോലി ചെയ്തിരുന്നത്.
ടെക്നോപാർക്കിൽ 18 വനിതാ പോലീസുകാരെയാണ് സുരക്ഷയ്ക്ക് അധികമായി നിയോഗിച്ചത്. ഇതിനായി സർക്കാരിന്റെ ഖജനാവിൽ നിന്ന് മൂന്ന് കോടിയോളം രൂപയാണ് ചെലവാക്കിയത്. ടെക്നോ പാർക്കിൽ സുരക്ഷയ്ക്കായി 22 പോലീസുകാരെ ആവശ്യപ്പെട്ടിരുന്നു. ഇത് കൂടാതെ 18 വനിതാ പോലീസുകാരെക്കൂടി ബെഹ്റ നിർബന്ധിച്ച് ഏൽപ്പിച്ചെന്ന ആരോപണങ്ങളാണ് ഉയരുന്നത്. 2017 മുതലാണ് ഈ സൗജന്യ സേവനം ആരംഭിച്ചത്. ബെഹ്റ വിരമിക്കുന്ന 2020 വരെ ഇത് തുടർന്നിരുന്നു. ഈ പണം ബെഹ്റയിൽ നിന്ന് പിടിക്കണമെന്ന വ്യവസായ സുരക്ഷാ സേനയുടെ ആവശ്യം സർക്കാർ അംഗീകരിച്ചിട്ടില്ല.
തങ്ങൾ ആവശ്യപ്പെടാതെ നൽകിയ സുരക്ഷയ്ക്ക് പണം നൽകാനാവില്ലെന്നാണ് ടെക്നോപാർക്ക് അധികൃതർ പറയുന്നത്. ബെഹ്റയിൽ നിന്ന് പണം ഈടാക്കാനുള്ള നടപടി സർക്കാരും ഇതുവരെ സ്വീകരിച്ചിട്ടില്ല.
പോലീസ് സ്റ്റാഫ് ക്വാർട്ടേഴ്സ് നിർമ്മിക്കാൻ അനുവദിച്ച 4.33 കോടി രൂപ വകമാറ്റിയ പോലീസ് മേധാവിക്കും ഉന്നത ഉദ്യോഗസ്ഥർക്കും വില്ലകൾ നിർമ്മിച്ച മുൻ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് ക്ളീൻ ചിറ്റ് നൽകിയതിൽ ധനവകുപ്പിൽ എതിർപ്പ് ഉയർന്നിരുന്നു. എന്നാൽ ഈ എതിർപ്പിനെ മറികടന്നുകൊണ്ട് ബഹ്റയുടെ നടപടി മന്ത്രിസഭ സാധൂകരിക്കുകയായിരുന്നു. ഇതിനെതിരെയും വിമർശനം ശക്തമാണ്.
Comments