ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്ക് 20-ാം സ്വർണം. ബാഡ്മിന്റൺ ഫൈനലിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ മലേഷ്യൻ താരത്തെ തോൽപ്പിച്ച് സ്വർണം സ്വന്തമാക്കി. പുരുഷന്മാരുടെ ബാഡ്മിന്റൺ സിംഗിൾസിൽ മലേഷ്യയുടെ സേ യോംഗിനെ 19-21, 21-9, 21-16 എന്ന സ്‌കോറിനാണ് ലക്ഷ്യ പരാജയപ്പെടുത്തിയത്.
ലോക പത്താം നമ്പർ താരമായ ലക്ഷ്യ സെൻ ആദ്യ റൗണ്ടിൽ പിറകിലായിരുന്നു. എന്നാൽ പിന്നീടുള്ള രണ്ട് റൗണ്ടുകളിലും മികച്ച പ്രകടനമായിരുന്നു ലക്ഷ്യ കാഴ്ചവെച്ചത്. ഇത് മൂന്നാം തവണയാണ് മലേഷ്യൻ താരമായ എൻജി ട്‌സേ യോംഗുമായി ലക്ഷ്യ ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. മൂന്ന് മത്സരങ്ങളിലും ലക്ഷ്യ തന്നെയാണ് വിജയിച്ചിട്ടുള്ളത്.
നേരത്തെ വേൾഡ് ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയിട്ടുള്ള ലക്ഷ്യ തോമസ് കപ്പ് ജേതാവ് കൂടിയാണ്. 20-കാരനായ ലക്ഷ്യയുടെ മെഡൽ നേട്ടം കൂടിയായതോടെ ഇന്ത്യ ഇതുവരെ സ്വന്തമാക്കിയ മെഡലുകളുടെ എണ്ണം 57 ആയി. നേരത്തെ ബാഡ്മിന്റൺ സിംഗിൾസ് വനിതാ വിഭാഗത്തിൽ പി.വി സിന്ധുവായിരുന്നു രാജ്യത്തിന്റെ മെഡൽ പ്രതീക്ഷ കാത്തത്. കനേഡിയൻ താരത്തെ നേരിട്ടുള്ള രണ്ട് ഗെയിമുകൾക്ക് സിന്ധു പരാജയപ്പെടുത്തി സ്വർണം നേടി. തുടർന്ന് കോമൺവെൽത്ത് മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തേക്കും ഇന്ത്യ ഉയർത്തപ്പെട്ടു.
Comments