തിരുവനന്തപുരത്ത്: പീഡനക്കേസിൽ പിടിയിലായ ടിക്ടോക്ക്-റീൽസ് താരത്തിനെതിരെ വീണ്ടും പരാതികളുമായി യുവതികൾ രംഗത്ത്. വെള്ളല്ലൂർ കീട്ടുവാര്യത്ത് വീട്ടിൽ വിനീതി(25)നെതിരെയാണ് നിരവധി പരാതികൾ ഉയരുന്നത്. സമൂഹമാദ്ധ്യമങ്ങൾ വഴി സൗഹൃദം സ്ഥാപിച്ച് സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ പാസ്വേർഡുകൾ കൈക്കലാക്കി ഭീഷണിപ്പെടുത്തിയെന്നും കാണിച്ച് വീട്ടമ്മയായ യുവതിയാണ് പുതിയ പരാതി നൽകിയിരിക്കുന്നത്. കേസിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
വിനീത് പീഡനക്കേസിൽ അറസ്റ്റിലായ വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇയാൾക്കെതിരേ കൂടുതൽ പരാതികൾ വരുന്നത്. സമൂഹമാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട വിനീത്, പിന്നീട് സ്വകാര്യദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയെന്നാണ് വിവാഹിതയായ യുവതി നൽകിയ പരാതിയിൽ ആരോപിക്കുന്നത്. ഇവരുടെ ഇ-മെയിൽ ഐഡിയുടെയും ഇൻസ്റ്റഗ്രാം ഐഡിയുടെയും പാസ് വേർഡുകൾ ഇയാൾ കൈക്കലാക്കിയിരുന്നു. ഇയാളുടെ സ്വഭാവം വ്യക്തമായതോടെ പിന്നീട് ഫോൺകോളുകൾ എടുത്തിരുന്നില്ല. ഇതോടെ വിനീത് യുവതിയുടെ ഐഡിയിൽനിന്ന് സ്റ്റോറികളും ചിത്രങ്ങളും പോസ്റ്റ് ചെയ്തതായും പരാതിയിൽ ആരോപിക്കുന്നു.
വിനീത് മർദിച്ചെന്ന് പറഞ്ഞ് ചില കോളേജ് വിദ്യാർത്ഥിനികൾ പോലീസിനെ ഫോണിൽവിളിച്ച് പരാതിപ്പെട്ടിരുന്നു. ശാരീരികമായി ചൂഷണം ചെയ്തിട്ടില്ലെങ്കിലും ഇയാൾ മർദിച്ചെന്നാണ് വിദ്യാർത്ഥിനികൾ പറഞ്ഞത്. ഇൻസ്റ്റഗ്രാം വഴിയാണ് ഇവരുമായും വിനീത് സൗഹൃദം സ്ഥാപിച്ചത്. പിന്നീട് മോശമായി പെരുമാറാൻ തുടങ്ങിയതോടെ പലരും സൗഹൃദത്തിൽനിന്ന് പിന്മാറി. ഫോൺ എടുക്കാനും തയ്യാറായില്ല. ഇതിന്റെ പേരിൽ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞതായും ഭീഷണിപ്പെടുത്തിയതായും വിദ്യാർത്ഥിനികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. എന്നാൽ ഇവരാരും രേഖാമൂലം പരാതി നൽകാൻ തയ്യാറായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.
വിനീത് അറസ്റ്റിലായെന്ന വാർത്ത പുറത്തുവന്നതോടെ ഇയാൾക്കെതിരേ ഇനിയും പരാതികൾ വരുമെന്നാണ് പോലീസ് കരുതുന്നത്. ഇയാൾക്കെതിരേ നേരത്തെ കന്റോൺമെന്റ് സ്റ്റേഷനിൽ ബൈക്ക് മോഷണത്തിനും കിളിമാനൂരിൽ അടിപിടിയുണ്ടാക്കിയതിനും കേസുകളുണ്ടായിരുന്നു.
Comments