വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഫ്ലോറിഡയിലെ വീട്ടിൽ എഫ് ബി ഐ റെയിഡ്. ഇന്നലെ രാവിലെ മുതൽ നടന്ന റെയ്ഡിന്റെ യാതൊരു വിവരങ്ങളും പുറത്തു വിടാൻ അധികൃതർ തയ്യാറായിട്ടില്ല. തനിക്കെതിരെ ബോധപൂർവ്വമായ ആക്രമണമാണ് ഭരണപക്ഷത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ഇപ്പോൾ നടക്കുന്ന റെയിഡ് പോലും അതിന്റെ ഭാഗമാണെന്ന് ട്രംപ് ആരോപിച്ചു.
അമേരിക്കയുടെ പ്രസിഡന്റായിരുന്ന തന്നെയും കുടുംബത്തെയും വളഞ്ഞിട്ട് ആക്രമിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. താനും കുടുംബവും ഇന്ന് എഫ് ബി ഐ ഉദ്യോഗസ്ഥരുടെ ഉപരോധത്തിലാണെന്നും അദ്ദേഹം അറിയിച്ചു.
റെയിഡ് നടക്കുമ്പോൾ ഒരു വിഭാഗം ആളുകൾ വീടിനു പുറത്ത് ആഘോഷിക്കുകയാണ് ചെയ്തത്. അതെ സമയം ട്രംപനുകൂലികൾ സർക്കാരിനെതിരെ പ്രതിഷേധിച്ച് രംഗത്തെത്തി. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ ഒരു പ്രസിഡന്റിനും ഇതുപോലൊരു അനുഭവം ഉണ്ടായിട്ടില്ല. ഇത് രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ ധിക്കരിക്കുന്ന നടപടിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അടുത്ത തിരഞ്ഞെടുപ്പിൽ തന്നെ മത്സരിപ്പിക്കാതിരിക്കാനുള്ള ഇടത് ഡെമോക്രാറ്റുകളുടെ അജണ്ടയാണിതെന്നും അദ്ദേഹം പറഞ്ഞു.
ജോ ബൈഡൻ അമേരിക്കയെ വികസ്വര രാജ്യത്തിന്റെ പട്ടികയിലേക്ക് കൂപ്പു കുത്തിക്കാനുള്ള പ്രവർത്തനമാണ് നടത്തുന്നത്. അഴിമതിയും അക്രമവും നടത്തി രാജ്യത്ത് അരാജകത്വം വളർത്തുകയാണ് ഡെമോക്രറ്റുകൾ ചെയ്യുന്നത്. സർക്കാരിന്റെ ഇത്തരം കാര്യങ്ങൾ താനും , പാർട്ടിയും ചൂണ്ടി കാണിച്ചത് കൊണ്ടുള്ള പ്രതികാര നടപടിയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തനിക്കെതിരെയുള്ള രാഷ്‌ട്രീയ പീഡനം കുറെ നാളുകളായി നടക്കുന്നു. അമേരിക്കയുടെ ബ്യുറോക്രാറ്റിക് അഴിമതിക്കെതിരെ നിലകൊണ്ടത് കൊണ്ടാണ് തനിക്കിങ്ങനെ ഒരവസ്ഥ ഉണ്ടായതെന്ന് ട്രംപ് പ്രസ്താവനയിൽ പറഞ്ഞു. ജനാധിപത്യത്തിൽ വിശ്വാസമില്ലാത്ത സർക്കാരിന്റെ ഭരണം തികഞ്ഞ പരാജയമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Comments