ഭുവനേശ്വർ: സ്‌കൂളുകളിൽ ലിംഗസമത്വ പാഠ്യപദ്ധതി നടപ്പിലാക്കാൻ ഒരുങ്ങി ഒഡീഷ സർക്കാർ. അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബും ബ്രേക്ത്രൂ എന്ന എൻജിഒയുമായി സഹകരിച്ചാണ് വിദ്യാഭ്യാസ വകുപ്പ് പാഠ്യപദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. 20,000 ത്തിലധികം സർക്കാർ സ്‌കൂളുകളിൽ ഇത് നടപ്പിലാക്കും.
2022 ഓഗസ്റ്റ് മാസത്തോടെ പദ്ധതി നടപ്പിലാക്കി തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 6 മുതൽ 10 വരെ ക്ലാസുകൾ ഉൾപ്പെടുന്ന 18,000 ത്തോളം മിഡിൽ സ്‌കൂളുകളിലും 5000 ത്തോളം സെക്കൻഡറി സ്‌കൂളുകളിലും പദ്ധതി നടപ്പിലാക്കും. ഹരിയാനയിലെ 134 സർക്കാർ സ്‌കൂളുകളിൽ നേരത്തെ അബ്ദുൽ ലത്തീഫ് ജമീൽ പോവർട്ടി ആക്ഷൻ ലാബ് പദ്ധതി നടപ്പിലാക്കിയിരുന്നു. ആൺകുട്ടികളിലും പെൺകുട്ടികളിലുമുള്ള ലിംഗപരമായ മനോഭാവവും, പെരുമാറ്റവും മെച്ചപ്പെടുകയും ലിംഗ സമത്വപരമായി അവർ പെരുമാറുകയും ചിന്തിക്കുകയും ചെയ്യുന്നതായി ഇവിടുത്തെ പരീക്ഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഒഡീഷയും പദ്ധതി നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
പദ്ധതിയിലൂടെ വിദ്യാർത്ഥികളിൽ സാമൂഹിക മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസം കഴിഞ്ഞു ഇവർ ഉദ്യോഗാർത്ഥികൾ ആകുന്ന സാഹചര്യത്തിൽ ലിംഗ സമത്വത്തിന്റെ പേരിൽ സമൂഹത്തിൽ നിന്നും മാറ്റി നിർത്തപ്പെടരുതെന്ന തിരിച്ചറിവാണ് ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ അറിയിച്ചു. 23,000 ത്തിലധികം സർക്കാർ സ്‌കൂളുകളിൽ പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ ജെൻഡർ സെൻസിറ്റൈസേഷൻ വർക്ക്‌ഷോപ്പുകൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.
കേന്ദ്രസർക്കാരിന്റെ ഓപ്പൺ ആക്‌സസ് വിദ്യാഭ്യാസ സാങ്കേതിക സംവിധാനമായ ഡിജിറ്റൽ ഇൻഫ്രാൻസ്ട്രക്ചർ ഫോർ സ്‌കൂൾ എഡ്യുക്കേഷൻ സംവിധാനങ്ങൾ കൂടി ഉപയോഗപ്പെടുത്തിയാകും പദ്ധതി നടപ്പിലാക്കുക. അദ്ധ്യാപകരെ പരിശീലിപ്പിക്കാനും രക്ഷിതാക്കളെ കുട്ടികളുടെ കാര്യത്തിൽ വ്യാപൃതരാക്കാനുമുളള പ്ലാറ്റ്‌ഫോമാണിത്.
Comments