ശ്രീനഗർ: ജമ്മുകശ്മീരിൽ സൈനികർക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ചത് മൂന്ന് സൈനികർ. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻ മനോജ് കുമാർ, റൈഫിൾ മാൻ ലക്ഷ്മണൻ ഡി എന്നിവർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രജൗരി ജില്ലയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണം.
ഭീകരരുടെ വെടിവെപ്പിൽ അഞ്ച് ജവാൻമാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവർക്ക് ഉടൻ തന്നെ വൈദ്യസഹായം ഉറപ്പുവരുത്തി. രജൗരിയിൽ നിന്ന് 25 കിലോ മീറ്റർ മാറി ദർഹാർ താലൂക്കിലാണ് സംഭവം. ഇവിടുത്തെ പർഗാർ മേഖലയിലെ സൈനിക ക്യാമ്പിന് സമീപം ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തുകയായിരുന്നു.
പ്രദേശത്ത് നുഴഞ്ഞുകയറ്റത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ട് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പിടികൂടാൻ ശ്രമിച്ചതോടെ ഇവർ വെടിയുതിർക്കുകയായിരുന്നു. ഇതോടെ ഏറ്റുമുട്ടൽ ആരംഭിച്ചു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരരെയും സംഭവസ്ഥലത്ത് വെച്ച് തന്നെ സൈന്യം വധിച്ചു. ഇതിനിടെയാണ് മൂന്ന് ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടത്.
കഴിഞ്ഞ ദിവസം ബുദ്ഗാമിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ലഷ്കർ-ഇ-ത്വായ്ബ ഭീകരരെ സൈന്യം വധിച്ചിരുന്നു. കശ്മീരി പണ്ഡിറ്റായ രാഹുൽ ഭട്ടിനെയും ടെലിവിഷൻ അവതാരകയായിരുന്ന അമ്രീൻ ഭട്ടിനെയും കൊലപ്പെടുത്തിയ കൊടുംഭീകരൻ ലത്തീഫ് അഹമ്മദ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ ഒരാളാണ്.
Comments