ശ്രീനഗർ: ജമ്മുകശ്മീരിലെ രജൗരിയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ ഒരു ജവാൻ കൂടി വീരമൃത്യു വരിച്ചു. റൈഫിൾമാൻ നിശാന്ത് മാലിക്കാണ് വീരമൃത്യു വരിച്ചത്. നിശാന്തിന്റെ മരണത്തിൽ ഇന്ത്യൻ ആർമി ചീഫ് മനോജ് പാണ്ഡെ അടക്കമുള്ളവർ അനുശോചനം അറിയിച്ചു.
നേരത്തെ മൂന്ന് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. സുബേദാർ രാജേന്ദ്ര പ്രസാദ്, റൈഫിൾമാൻമാരായ മനോജ് കുമാർ, ലക്ഷ്മണൻ ഡി എന്നിവർക്ക് ആക്രമണസമയത്ത് തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നു. രജൗരി ജില്ലയിൽ വ്യാഴാഴ്ച രാവിലെയായിരുന്നു ആക്രമണം.
ഭീകരരുടെ വെടിവെപ്പിൽ പരിക്കേറ്റ നാല് ജവന്മാർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. രജൗരിയിൽ നിന്ന് 25 കിലോ മീറ്റർ മാറി ദർഹാർ താലൂക്കിലാണ് സംഭവമുണ്ടായത്. ഇവിടുത്തെ പർഗാർ മേഖലയിലെ സൈനിക ക്യാമ്പിന് സമീപം ഭീകരർ നുഴഞ്ഞുകയറാൻ ശ്രമം നടത്തുകയായിരുന്നു.
പ്രദേശത്ത് നുഴഞ്ഞുകയറ്റത്തിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ രാവിലെ നടത്തിയ പരിശോധനയിലാണ് രണ്ട് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പിടികൂടാൻ ശ്രമിച്ചതോടെ ഇവർ വെടിയുതിർക്കുകയായിരുന്നു. സൈന്യത്തിന്റെ പ്രത്യാക്രമണത്തിൽ രണ്ട് ഭീകരരെയും സംഭവസ്ഥലത്ത് വെച്ച് തന്നെ വധിച്ചു. ഏറ്റുമുട്ടലിൽ നാല് ജവാന്മാരെയാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്.
Comments