ആലപ്പുഴ: ചേർത്തലയിൽ പാർട്ടി യോഗത്തിനിടെ സംഘർഷമുണ്ടാക്കിയ ഡിവൈഎഫ്‌ഐ പ്രവർത്തകർക്കെതിരെ നടപടി. ഡിവൈഎഫ്‌ഐ യോഗത്തിൽ തമ്മലടിച്ച സംഭവത്തിൽ മേഖലാ പ്രസിഡന്റിനെ ഉൾപ്പെടെ സസ്‌പെൻഡ് ചെയ്തു. ചേർത്തല ടൗൺ വെസ്റ്റ് മേഖലാ കമ്മിറ്റി യോഗത്തിനിടെയുണ്ടായ തമ്മിലടിയുമായി ബന്ധപ്പെട്ടാണ് നടപടി. മേഖലാ പ്രസിഡന്റ് സന്തു കാർത്തികേയൻ, ട്രഷറർ വിഷ്ണു രവി എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. മൂന്ന് മാസത്തേക്കാണ് സസ്‌പെൻഷൻ.
ജൂലൈ 27നായിരുന്നു സംഭവം. ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട തർക്കങ്ങൾ ആയിരുന്നു സംഘർഷത്തിൽ കലാശിച്ചത്. വിഷ്ണു രവിയെ ആക്രമിച്ചതിനാണ് പ്രസിഡന്റ് സന്തു കാർത്തികേയനെ പുറത്താക്കിയത്. സമൂഹമാദ്ധ്യമങ്ങളിലൂടെ
സംഘടനയ്‌ക്ക് അവമതിപ്പുണ്ടാക്കിയതിനാണ് വിഷ്ണുവിനെതിരെ നടപടി.
സന്തുവിന്റെ ആക്രമണത്തിൽ വിഷ്ണുവിന് പരിക്കേറ്റിരുന്നു. ആശുപത്രിയിൽ ചികിത്സ തേടിയിട്ടും നേതൃത്വം നടപടി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് വിഷ്ണു രംഗത്തുവന്നിരുന്നു. ഇതോടെയാണ് ഇരുവർക്കുമെതിരെ പാർട്ടി നടപടി സ്വീകരിച്ചത്.
Comments