പാറ്റ്‌ന: ബിഹാറിൽ വീണ്ടും മദ്യ ദുരന്തം. വ്യാജമദ്യം കഴിച്ച അഞ്ച് പേർ മരിച്ചു. ബിഹാറിലെ ഛപ്രയിലാണ് സംഭവമുണ്ടായത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട നിരവധി പേർ ആശുപത്രിയിലാണ്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് ഛപ്ര പോലീസ് അറിയിച്ചു.
ഛപ്ര മേഖലയിൽ സരൻ ജില്ലയിൽ ഒരാഴ്ച മുമ്പായിരുന്നു വ്യാജമദ്യം കഴിച്ച ഏഴ് പേർ മരിച്ചത്. പത്തിലധികം പേർക്ക് കാഴ്ച നഷ്ടപ്പെടുകയും നിരവധിയാളുകൾ ആശുപത്രിയിലാകുകയും ചെയ്തിരുന്നു. ഓഗസ്റ്റ് രണ്ടിനായിരുന്നു ആദ്യ മരണം റിപ്പോർട്ട് ചെയ്തത്. ഇതിന് ശേഷമുള്ള ദിവസങ്ങളിലായി ആശുപത്രിയിൽ ചികിത്സ തേടിയ ആറ് പേർ കൂടി മരണത്തിന് കീഴടങ്ങി. സംഭവമുണ്ടായി വെറും ഒരാഴ്ച മാത്രം പിന്നിടുമ്പോഴാണ് വീണ്ടും അതേ പ്രദേശത്ത് തന്നെ മദ്യ ദുരന്തം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
2021 നവംബർ മുതലുള്ള കണക്കുപ്രകാരം ഇതുവരെ 50 പേരാണ് വ്യാജമദ്യം കഴിച്ച് ബിഹാറിൽ മരിച്ചത്. സംസ്ഥാനത്ത് മദ്യം നിരോധിച്ചതിനാൽ വലിയ തോതിൽ അനധികൃതമായി മദ്യവിതരണം നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട കേസുകളിൽ 3.46 ലക്ഷത്തോളം പേർ അറസ്റ്റിലായിട്ടുണ്ട്. ഇത്തരത്തിൽ അനുമതിയില്ലാതെ മദ്യം വിൽക്കുന്നതിനായി കൂട്ടുനിന്ന 186 പോലീസുകാരെ സർവീസിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തിരുന്നു. 2016 ഏപ്രിൽ മുതൽ 2021 വരെയുള്ള കണക്ക് പ്രകാരം സംസ്ഥാനത്ത് നിന്നും 53 ലക്ഷം ലിറ്റർ ഇന്ത്യൻ നിർമ്മിത മദ്യം പിടിച്ചെടുത്തിട്ടുണ്ട്.
















Comments