ന്യൂയോർക്ക്; എഴുത്തുകാരൻ സൽമാൻ റുഷ്ദിക്ക് നേരെ ആക്രമണം. വെസ്റ്റേൺ ന്യൂയോർക്കിലെ ഒരു പൊതുവേദിയിൽ സംസാരിക്കുന്നതിനിടെയായിരുന്നു സംഭവം. സദസിൽ നിന്നും ഒരാൾ വേദിയിലേക്ക് ഓടിക്കയറി റുഷ്ദിയെ ആക്രമിക്കുകയായിരുന്നു. മാരകായുധവുമായിട്ടാണ് അക്രമി എത്തിയതെന്നാണ് വിവരം.
ചൗത്വാക്വാ ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന പരിപാടിക്കിടെയായിരുന്നു ആക്രമണം. അക്രമി റുഷ്ദിയെ തള്ളിയിട്ട് കുത്തിപരിക്കേൽപിച്ചതായിട്ടാണ് ദൃക്‌സാക്ഷികൾ നൽകുന്ന പ്രാഥമിക വിവരം. ആക്രമണത്തിന് പിന്നാലെ തന്നെ സദസിൽ ഉണ്ടായിരുന്നവർ വേദിയിലേക്ക് ഓടിക്കയറി അക്രമിയെ കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. റുഷ്ദിയുടെ പരിക്കിനെക്കുറിച്ചുളള യഥാർത്ഥ വിവരങ്ങൾ പുറത്തുവന്നിട്ടില്ല
ദ സാത്താനിക് വേഴ്‌സസ് ഉൾപ്പെടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ കടുത്ത എതിർപ്പ് ക്ഷണിച്ചുവരുത്തിയ വിവാദ കൃതികളുടെ രചയിതാവ് ആണ് റുഷ്ദി. ഇറാൻ ഉൾപ്പെടെയുളള രാജ്യങ്ങൾ അദ്ദേഹത്തിനെതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇസ്ലാമിക തീവ്രവാദികളുടെയും വധഭീഷണി നിലനിന്നിരുന്നു.
1988 മുതൽ ഇറാനിൽ വിലക്ക് നേരിടുന്ന കൃതിയാണ് സാത്താനിക് വേഴ്‌സസ്. നിലവിൽ 75 വയസാണ് റുഷ്ദിക്ക്. ഇറാനിയൻ നേതാക്കൾ റുഷ്ദിക്കെതിരെ ഫത്വ ഉൾപ്പെടെ പുറപ്പെടുവിച്ചിരുന്നു. റുഷ്ദിയെ കൊലപ്പെടുത്തുന്നവർക്ക് 3 മില്യൻ ഡോളർ വരെ പ്രതിഫലം പ്രഖ്യാപിച്ച സംഭവവും പുറത്തുവന്നിട്ടുണ്ട്.
Comments