പാലക്കാട് : കെ.ടി.ജലീലിന്റെ കോലം കത്തിച്ച് യുവമോർച്ച പ്രവർത്തകർ. ജലീലിന്റെ രാജ്യവിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ചാണ് കോലം കത്തിച്ചത്. പാലക്കാട് അഞ്ചു വിളക്കിലാണ് യുവമോർച്ച പ്രവർത്തകർ ജലീലിന്റെ കോലം കത്തിച്ചത്.
യുവമോർച്ച പാലക്കാട് ജില്ലാ അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ജലീൽ പരാമർശം പിൻവലിച്ച് രാജ്യത്തെ മുഴുവൻ ജനങ്ങളോടും മാപ്പ് പറയണം എന്ന് അദ്ദേഹം ആവശ്യപ്പെട്ടു.അതേസമയം ജലീലിന്റെ പ്രസ്താവനക്കെതിരെ ആർഎസ്എസും രംഗത്തെത്തിയിരുന്നു. രാഷ്‌ട്രീയ സ്വയംസേവക് സംഘം ജില്ലാ പ്രചാർ പ്രമുഖ് അരുൺ മോഹനാണ് പത്തനംതിട്ട പോലീസിൽ എംഎൽഎയ്‌ക്കെതിരെ പരാതി നൽകിയത്.
ജലീലിന്റെ പരാമർശം ഭാരതീയരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്ന് അദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നു. കൂടാതെ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്.
മലയാളി സംഘടനകളുടെ യോഗത്തിൽ പങ്കെടുക്കാനാണ് ജലീൽ അമൃത്സറിൽ എത്തിയത്. ഇതിന് പിന്നാലെ കശ്മീരും അദ്ദേഹം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ ഫേസ്ബുക്കിൽ പങ്കുവച്ച് കുറിപ്പിലാണ് എംഎൽഎ ദേശവിരുദ്ധ പ്രസ്താവന നടത്തിയിരിക്കുന്നത്.ഭാരതത്തിന്റെ അഭിവാജ്യ ഘടകമായ കശ്മീരിനെ ഇന്ത്യാ അധീന കാശ്മീർ എന്നും പാകിസ്താൻ വക്താക്കൾ ഉപയോഗിക്കുന്ന വിശേഷണമായ ആസാദ് കാശ്മീർ എന്നുമാണ് ജലീൽ ഫേസ്ബുക്കിൽ കുറിച്ചത്.
Comments