പാലക്കാട്: ചെമ്മാണംപതിയിൽ ദേശീയ പതാകയോട് അനാദരവ്. സിപിഎം പതാകയ്‌ക്ക് കീഴിൽ ദേശീയ പതാക കെട്ടി. സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ദേശീയ പതാക ഉയർത്തുന്നതുമായി ബന്ധപ്പെട്ട് വ്യക്തമായ മാനദണ്ഡങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സർക്കാർ പുറത്തുവിട്ടിരുന്നു. ഇത് അവഗണിച്ചാണ് സിപിഎം ദേശീയ പതാക പാർട്ടി പതാകയ്‌ക്ക് കീഴിൽ സ്ഥാപിച്ചത്.
അണ്ണാനഗർ സ്വദേശി കെ. ജയരാജന്റെ വീട്ടിലാണ് പാർട്ടി പതാകയ്‌ക്ക് കീഴിൽ ദേശീയ പതാക കെട്ടിയത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിച്ചിരുന്നു. സംഭവത്തിൽ പ്രതിഷേധവുമായി യുവമോർച്ച പ്രവർത്തകർ രംഗത്തു വന്നതോടെയാണ് സംഭവം പുറത്തറിഞ്ഞത്. നാനാഭാഗത്തു നിന്നും ശക്തമായ പ്രതിഷേധം ഉയർന്നതോടെ പതാക മാറ്റികെട്ടി.
അതേസമയം സംഭവം ജയരാജൻ അറിഞ്ഞിട്ടില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിശദീകരണം. കുട്ടികളാണ് പാർട്ടി പതാകയ്‌ക്ക് താഴെ ദേശീയ പതാക കെട്ടിയത്. സംഭവം ജയരാജൻ അറിഞ്ഞില്ല. ജയരാജൻ പാർട്ടി പ്രവർത്തകൻ അല്ലെന്നും അനുഭാവി മാത്രമാണെന്നും സിപിഎം നേതാക്കൾ വ്യക്തമാക്കി.
Comments