സ്വാതന്ത്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ഹര് ഘര്‍ തിരംഗ’ ക്യാമ്പെയിനിന്റെ ഭാഗമായി നടൻ അമീർഖാനും. മുംബൈയിലെ സ്വന്തം വസതിക്ക് മുന്നിലാണ് ആമിര്‍ ഖാൻ ദേശീയ പതാക ഉയര്‍ത്തിയത്. ദേശീയ പതാക ഉയർത്തിയ ശേഷം വീടിന്റെ ബാൽക്കണിയിൽ നിൽക്കുന്ന ആമീർഖാന്റയും മകൾ ഇറാ ഖാന്റെയും ചിത്രം പുറത്തുവന്നിട്ടുണ്ട്. കേരളത്തിൽ മമ്മൂട്ടി, മോഹൻലാൽ, സുരേഷ്ഗോപി തുടങ്ങിയ താരങ്ങൾ എല്ലാം തന്നെ പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് ഹര് ഘര്‍ തിരംഗയുടെ ഭാഗമായി.
ഓഗസ്റ്റ് 13 മുതൽ 15 വരെ എല്ലാ വീടുകളിലും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തി സ്വാതന്ത്ര്യദിനം ആഘോഷിക്കണമെന്നും സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരം അർപ്പിക്കണമെന്നുമാണ് പ്രധാനമന്ത്രി അഭ്യർത്ഥിച്ചത്. 20 കോടിയിലധികം വീടുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയുടെ ഭാഗമായി സംസ്ഥാനങ്ങളിൽ മുഖ്യമന്ത്രിമാരും, കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ലെഫ്റ്റനന്റ് ഗവർണര്‍മാരുമാണ് ഹര് ഘര്‍ തിരംഗ ഏകോപിപ്പിക്കുക.
ഓഗസ്റ്റ് 2 നും 15 നും ഇടയിൽ ജനങ്ങളോട് സമൂഹ മാദ്ധ്യമങ്ങളിലെ അക്കൗണ്ടുകളുടെ പ്രൊഫൈൽ ചിത്രം ദേശീയ പതാക ആക്കാനും പ്രധാനമന്ത്രി അഭ്യർത്ഥിച്ചിരുന്നു. പ്രധാനമന്ത്രി തന്നെ ഓഗസ്റ്റ് 2 ന് മുഖചിത്രം ദേശീയ പതാക ആക്കിയിരുന്നു. ഒപ്പം കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും ഉൾപ്പെടെയുള്ള മുതിർന്ന ബിജെപി നേതാക്കളും ഇത് പിന്തുടർന്നിരുന്നു.
Comments