കൊച്ചി: സോളാര്‍ പീഡനക്കേസില്‍ ഹൈബി ഈഡന്‍ എംപിയ്‌ക്കെതിരെ തെളിവുകളിലെന്ന സിബിഐ റിപ്പോര്‍ട്ടിനെ വിമർശിച്ച് പരാതിക്കാരി. കേസില്‍ തെളിവ് കണ്ടെത്താനോ പരാതിക്കാരിക്ക് തെളിവ് ഹാജരാക്കാനോ കഴിഞ്ഞില്ലെന്ന് സിബിഐ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് പരാതിക്കാരി രംഗത്ത് വന്നത്. ഡിജിറ്റല്‍ തെളിവ് നല്‍കണമെന്ന് അന്വേഷണ ഏജൻസി ആവശ്യപ്പെട്ടതിനോട് ഇര വേട്ടക്കാരന്റെ അടുത്ത് പോകുമ്പോള്‍ ക്യാമറയും കൊണ്ടാണോ പോകുന്നതെന്ന് പരാതിക്കാരി ചോദിച്ചു.
പീഡന ആരോപണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 6 കേസുകളില്‍ ആദ്യ കേസിന്റെ അന്വേഷണ റിപ്പോർട്ടാണ് സിബിഐ കോടതിയിൽ സമർപ്പിച്ചത്. സോളാര്‍ പദ്ധതി നടപ്പാക്കാന്‍ സഹായം വാഗ്ദാനം ചെയ്യാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തി തന്നെ പീഡിപ്പിക്കുകയായിരുന്നു എന്നാണ് പരാതിക്കാരിയുടെ വെളിപ്പെടുത്തൽ. ഇതിന്റെ ഭാഗമായി അന്വേഷണ ഏജൻസി എംഎല്‍എ ഹോസ്റ്റലില്‍ തെളിവെടുപ്പും നടത്തിയിരുന്നു.
സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിനെതിരെ പരാതിക്കാരി രൂക്ഷഭാഷയിലാണ് പ്രതികരിച്ചത്. ഡിജിറ്റല്‍ റെക്കോര്‍ഡുകളാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടത്. ഇത്തരത്തിൽ സംഭവിക്കുമെന്ന് കരുതിയല്ല ഒരു സ്ഥലത്തേയ്‌ക്ക് പോകുന്നത്. ഡിജിറ്റൽ തെളിവ് ആവശ്യപ്പെട്ടത് പരിഹാസ്യമായാണ് തോന്നുന്നതെന്നും മറ്റ് തെളിവുകൾ കൈമാറിയിരുന്നതായും അവർ പറഞ്ഞു. തന്റെ കേസ് മറ്റൊരു സംഘം അന്വേഷിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെടുമെന്നും പരാതിക്കാരി പ്രതികരിച്ചു.
Comments