ന്യൂഡൽഹി: 76-ാം സ്വാതന്ത്ര്യദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തുടർച്ചയായി ഒമ്പതാം തവണയാണ് സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രി മോദി ഭാരതത്തെ അഭിസംബോധന ചെയ്യുന്നത്. രാജ്യത്തിന് സ്വാതന്ത്ര്യദിനാശംസകൾ നേർന്ന പ്രധാനമന്ത്രി ഇത് ഐതിഹാസിക ദിനമാണെന്ന് ചൂണ്ടിക്കാട്ടി. ഭാരതത്തിന് പുതിയ ദിശകളിലേക്ക് നീങ്ങാനുള്ള സമയമായെന്ന് പറഞ്ഞ അദ്ദേഹം ഓരോ സ്വാതന്ത്ര്യസമരസേനാനികളെയും അനുസ്മരിച്ചാണ് അഭിസംബോധന ആരംഭിച്ചത്.
സമരത്തിൽ പങ്കെടുത്ത ഓരോ സ്ത്രീകൾക്കും പ്രത്യേകം ആദരമർപ്പിച്ച പ്രധാനമന്ത്രി ഗാന്ധി മുതൽ സവർക്കർ വരെയുള്ള ഓരോ പോരാളികളെയും അനുസ്മരിച്ചു. മുൻ പ്രധാനമന്ത്രി നെഹ്‌റുവിനെയും അനുസ്മരിച്ച മോദി, വിഡി സവർക്കറെയും ശ്രീനാരായണ ഗുരുവിനെയും വിവേകാനന്ദ സ്വാമിയെയും പ്രത്യേകം സൂചിപ്പിച്ചു. സുഭാഷ് ചന്ദ്രബോസ്, അംബേദ്കർ തുടങ്ങിയവരെയും പരാമർശിച്ച മോദി ചരിത്രം അവഗണിച്ച ധീര പോരാളികൾക്ക് ആദരം അർപ്പിക്കുന്നുവെന്ന് പറഞ്ഞു. രാജ്യത്തിന് വേണ്ടി പോരാടിയ ആദിവാസികൾക്ക് അഭിവാദ്യങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ന് രാജ്യത്തിന്റെ ഓരോ കോണിലും ത്രിവർണ പതാക പാറി കളിക്കുകയാണ്. 75 വയസിലേക്കുള്ള രാജ്യത്തിന്റെ നീണ്ട യാത്ര അത്ര എളുപ്പമായിരുന്നില്ല. ഈ വർഷങ്ങൾ ഉയർച്ചകളും താഴ്ചകളും നിറഞ്ഞതായിരുന്നുവെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. വെല്ലുവിളികൾക്കിടയിലും ഇന്ത്യ മുന്നേറി. ജനാധിപത്യത്തിന്റെ അമ്മയാണ് ഭാരതമെന്ന് നാം തെളിയിച്ചു. സ്വാതന്ത്ര്യസമരപോരാളികളോടുള്ള കടം നമുക്ക് വീട്ടണമെന്നും ഭാരത്തിന്റെ വൈവിധ്യമാണ് നമ്മുടെ ഏറ്റവും വലിയ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
Comments