പാലക്കാട്: മലമ്പുഴ സിപിഎം ലോക്കൽ കമ്മറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദൃക്‌സാക്ഷി. ശബരി എന്നയാളാണ് ആദ്യം ഷാജഹാനെ വെട്ടിയതെന്നും അനീഷ് എന്നയാൾ രണ്ടാമതാണ് വെട്ടിയതെന്നും ദൃക്‌സാക്ഷി പറഞ്ഞു.
വെട്ടിയ ഇവർ രണ്ടുപേരും പാർട്ടി മെമ്പർമാരാണെന്നും ദൃക്‌സാക്ഷി വെളിപ്പെടുത്തി. ഷാജഹാനെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ തന്നെയും ആക്രമിക്കാൻ ശ്രമിച്ചെന്ന് ദൃക്‌സാക്ഷിയായ സുരേഷ് പറഞ്ഞു.ദേശാഭിമാനി പത്രം വരുത്തുന്നതുമായി ബന്ധപ്പെട്ട തർക്കമുണ്ടായിരുന്നുവെന്ന് സുരേഷ് കൂട്ടിച്ചേർത്തു. കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ കസ്റ്റഡിയിലായിട്ടുണ്ടെന്നാണ് സൂചന. ആറംഗസംഘമാണ് ഷാജഹാനെ ആക്രമിച്ചത്.
പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം രാഷ്‌ട്രീയ കൊലയ്‌ക്ക് തെളിവില്ലെന്നും വ്യക്തിവൈരാഗ്യമാണ് കൊലയ്‌ക്ക് പിന്നിലെന്നുമായിരുന്നു എഫ്ഐആർ. എന്നാൽ ഷാജഹാന്റെ കൊലപാതകം രാഷ്‌ട്രീയകൊലപാതകമാണെന്നായിരുന്നു സിപിഎം വാദം.
അതേസമയം ഷാജഹാന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് മരുതറോഡ് പഞ്ചായത്ത് പരിധിയിൽ സിപിഎം ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇന്നലെ രാത്രിയാണ് ഷാജഹാന് നേരെ ആക്രമണം ഉണ്ടായത്. സ്വാതന്ത്ര്യ ദിനത്തിന്റെ അലങ്കാര പണികൾക്കിടെ ആയിരുന്നു ആക്രമണം. ബൈക്കിലെത്തിയ രണ്ട് സംഘമാണ് ഷാജഹാനെ വെട്ടിയത്. ആക്രമണത്തിൽ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.
ബിജെപി പ്രവർത്തകൻ ആറുചാമി കൊലക്കേസിൽ വിചാരണ കോടതി ശിക്ഷിച്ച ആളാണ് ഷാജഹാൻ. 2008ൽ ആയിരുന്നു ഈ കൊലപാതകം നടന്നത്.
Comments