പാലക്കാട്: മലമ്പുഴ ലോക്കൽ കമ്മറ്റി അംഗം ഷാജഹാനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സംഘപരിവാറിനെ പഴിചാരാനുള്ള സിപിഎമ്മിന്റെ ശ്രമങ്ങൾ തകർത്തവർക്ക് നന്ദി പറഞ്ഞ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.
ഷാജഹാന്റെ കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന തരത്തിലുള്ള അടിസ്ഥാന രഹിതമായ ആരോപണങ്ങൾ സിപിഎം ഉയർത്തുമ്പോൾ കൊലപാതകികൾ സിപിഎം പ്രവർത്തകരാണെന്ന സത്യം പുറത്ത് കൊണ്ട് വന്ന ദൃക്‌സാക്ഷികൾക്കും മാദ്ധ്യമങ്ങൾക്കുമാണ് അദ്ദേഹം നന്ദി പറഞ്ഞത്.
ജില്ലാ സെക്രട്ടറി വീണ്ടും കൊലപാതത്തിന്റെ ഉത്തരവാദിത്വം സംഘപരിവാർ സംഘടനകളുടെ തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുന്നത് ജാള്യത മറച്ചുവെക്കാൻ മാത്രമാണെന്ന് കെ സുരേന്ദ്രൻ കുറ്റപ്പെടുത്തി.
ഇന്നലെ രാത്രിയാണ് ഷാജഹാന് നേരെ ആക്രമണം ഉണ്ടായത്. സ്വാതന്ത്ര്യ ദിനത്തിന്റെ അലങ്കാര പണികൾക്കിടെ ആയിരുന്നു ആക്രമണം. രണ്ട് ബൈക്കുകളിലായെത്തിയ സംഘങ്ങളാണ് കൊലപാതകത്തിന് പിന്നിൽ. ആക്രമണത്തിൽ ഷാജഹാന്റെ കാലിലും ശരീരത്തിലും മാരകമായി വെട്ടേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷാജഹാനെ ആശുപത്രിയിലേക്ക് എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചു.
കൊലപാതകവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലായ പ്രതികൾ സിപിഎം അനുഭാവികളാണെന്ന വിവരം നേരത്തെ തെളിവ് സഹിതം പുറത്ത് വന്നിരുന്നു. കൊലപാതകത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ദൃക്‌സാക്ഷിയും വെളിപ്പെടുത്തിയിരുന്നു.
Comments