ബംഗളൂരു : 75 വർഷങ്ങൾക്ക് ശേഷം ആദ്യമായി ബംഗളൂരുവിലെ ഈദ്ഗ മൈദാനിൽ ത്രിവർണ്ണ പതാക ഉയർന്നു പറന്നു. വൻ പോലീസ് സന്നാഹത്തിന്റെ സുരക്ഷയോടെ രാഷ്‌ട്രീയ നേതാക്കളുടെ സാന്നിദ്ധ്യത്തിൽ റവന്യൂ വകുപ്പിലെ നോർത്ത് സബ് ഡിവിഷൻ ഓഫീസർ ശിവണ്ണയാണ് പതാക ഉയർത്തിയത്. 1947 ശേഷം ഇതാദ്യമായാണ് ഈ മൈതാനത്തിൽ ദേശീയ പതാക ഉയരുന്നത്.
1000 ത്തോളം പോലീസുകാർ ദിവസങ്ങളായി ഇവിടെ കാവൽ നിൽക്കുകയാണ്. കോൺഗ്രസ് എംഎൽഎയും മുൻ മന്ത്രിയുമായ സമീർ അഹമ്മദ് ഖാൻ, ബെംഗളൂരു സെൻട്രൽ എംപി പി സി മോഹൻ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
വർഷങ്ങളായി ഈ സ്ഥലത്തിന്റെ അവകാശത്തെ ചൊല്ലി തർക്കം തുടരുകയാണ്. ഇത് തങ്ങളുടെ ഭൂമിയാണെന്ന് അവകാശപ്പെട്ടുകൊണ്ട് വഖഫ് ബോർഡാണ് കയ്യേറിയത്. ഇവിടെ ഹൈന്ദവ ഉത്സവങ്ങൾ ആഘോഷിക്കുന്നതിനെതിരെയും വഖഫ് ബോർഡ് എതിർപ്പ് പ്രകടിപ്പിച്ചു. ഇതിനെതിരെ ചാമരാജ്‌പേട്ട സിറ്റിസൺ ഫോറവും ഹിന്ദു സംഘടനാ പ്രവർത്തകരും വർഷങ്ങളായി സമരം നടത്തുകയാണ്. പ്രദേശം കളിസ്ഥലമാണെന്നും ഇവിടെ പരിപാടികൾ സംഘടിപ്പിക്കാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം കൂടാതെ ഹിന്ദു ഉത്സവങ്ങളും ഇവിടെ ആഘോഷിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
ഈ തർക്കത്തിന് വിരാമമിട്ടുകൊണ്ട് ഈ സ്ഥലം റവന്യൂ വകുപ്പിന്റെ അധീനതയിൽ വരുന്നതാണെന്ന് ബിബിഎംപി പ്രഖ്യാപിക്കുകയായിരുന്നു. ഉടമസ്ഥത തെളിയിക്കുന്ന രേഖകൾ ഹാജരാക്കാൻ വഖഫ് ബോർഡിന് സമയം നൽകിയെങ്കിലും അവർക്കത് ഹാജരാക്കാനായില്ല. തുടർന്നാണ് റവന്യൂ വകുപ്പ് സ്ഥലം ഏറ്റെടുത്തത്. ഗ്രൗണ്ട് അതേപടി നിലനിർത്താനും റവന്യൂ വകുപ്പ് തീരുമാനിച്ചു. തുടർന്നാണ് ഗ്രൗണ്ടിൽ ഇത്തവണ സ്വാതന്ത്ര്യദിന പരിപാടികൾ സംഘടിപ്പിച്ചത്.
Comments