ഭുവനേശ്വർ: സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ഇന്ത്യ ആഘോഷിക്കുമ്പോൾ അതിലേക്കുള്ള നീണ്ടയാത്ര അത്ര അനായാസമായിരുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഓർമ്മിപ്പിച്ചിരുന്നു. രാജ്യത്തെമ്പാടും വന്ന വികസനത്തിനും പുരോഗതിക്കും പിറകിൽ ആയിരക്കണക്കിന് പേരുടെ വിയർപ്പും പോരാട്ടവുമുണ്ട്. മാവോയിസ്റ്റ് മേഖലയായിരുന്ന ഒഡിഷയിലെ ഒരു ഗ്രാമവും ഇന്ന് ഈ പുരോഗതിയ്ക്കൊപ്പമാണെന്ന് തെളിയിക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
സ്വാതന്ത്ര്യദിനമായ ഇന്ന് ഒഡിഷയിലെ മൽക്കൻഗിരിയിലുള്ള സ്വാഭിമാൻ അഞ്ചൽ എന്ന പ്രദേശത്തെ ഗ്രാമവാസികൾ ചേർന്ന് മേഖലയിലെ മാവോയിസ്റ്റ് സ്മൃതി മണ്ഡപത്തിൽ ത്രിവർണ പതാക ഉയർത്തി. ഒരിക്കൽ സ്വാതന്ത്ര്യപതാകയ്ക്ക് ബഹിഷ്കരണമുണ്ടായിരുന്ന, കമ്യൂണിസ്റ്റ് ഭീകരരുടെ നിയന്ത്രണത്തിലായിരുന്ന മൽക്കൻഗിരി ഇന്ന് ത്രിവർണ പതാക പാറി പറക്കുന്ന മാറ്റത്തിനാണ് സാക്ഷിയായത്.
ആന്ധ്രാ-ഒഡിഷ അതിർത്തി സിപിഐ സ്പെഷ്യൽ സോണൽ കമ്മിറ്റിയുടെ ആസ്ഥാനവും കമ്യൂണിസ്റ്റ് ഭീകരരുടെ പ്രധാന പ്രവർത്തന മേഖലയുമായിരുന്നു പണ്ടുകാലത്ത് മൽക്കൻഗിരി എന്ന ഈ ഒഡിഷ പ്രദേശം. ഇവിടെ റിപ്പബ്ലിക്ക് ദിനമോ സ്വാതന്ത്ര്യദിനമോ ആഘോഷിക്കാനുള്ള അനുമതി വർഷങ്ങളോളം ഉണ്ടായിരുന്നില്ല. സ്വാതന്ത്ര്യദിനത്തിൽ ത്രിവർണ പതാക ഉയരേണ്ടയിടത്ത് കറുത്ത കൊടി പാറിച്ചായിരുന്നു കമ്യൂണിസ്റ്റ് ഭീകരർ ഓഗസ്റ്റ് 15-നെ വരവേറ്റിരുന്നത്. സർക്കാർ സ്ഥാപനങ്ങളിൽ പോലും ത്രിവർണ പതാക ഉയർത്താനുള്ള ധൈര്യം ആർക്കും ലഭിച്ചിരുന്നില്ലെന്നതാണ് യാഥാർത്ഥ്യം.
എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയോജിത ഇടപെടലുകളുടെ ഫലമായി ജില്ലാ ഭരണകൂടത്തിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ ഇന്ന് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സുരക്ഷാകാര്യങ്ങളിലും അടിസ്ഥാന സൗകര്യവികസനങ്ങളിലും മേഖലയിലുണ്ടായ പുരോഗതിയാണ് ഗ്രാമത്തെ മാറ്റി മറിച്ചത്. ഇതോടെ കമ്യൂണിസ്റ്റ് ഭീകരരുടെ അധീനതയിലായിരുന്ന മേഖലയും അവിടുത്തെ ജനങ്ങളും പതിയെ സർക്കാരിന്റെ സുരക്ഷിത കരങ്ങളിലായി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങൾക്കൊപ്പം ഇന്ന് മേഖലയിലെ ഓരോ ജനങ്ങളും പങ്കുച്ചേർന്നു. പൊതുസ്ഥലങ്ങളിൽ ദേശീയ പതാക ഉയർത്തിയും ബൈക്ക് റാലി സംഘടിപ്പിച്ചും അവർ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
Comments