എറണാകുളം: സൗത്ത് റെയിൽവേ സ്റ്റേഷന് സമീപം വീടിന് തീപിടിച്ച് സ്ത്രീ മരിച്ചു.
റെയിൽവേ പാളത്തിനരികിലെ വീട്ടിൽ താമസിച്ചിരുന്ന പുഷ്പവല്ലി (57) ആണ് മരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
ഉച്ചയ്‌ക്ക് ഒന്നരയോടെയായിരുന്നു സംഭവം. ആ സമയം പുഷ്പവല്ലി മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. വീട്ടിൽനിന്ന് പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് അടുത്തുള്ളവർ ഓടിയെത്തിയത്. ആളുകളെത്തുമ്പോൾ വാതിൽ തുറന്നു കിടക്കുകയായിരുന്നു.
തീയും പുകയും മൂലം അകത്തേക്ക് കടക്കാനായില്ല. വെള്ളമൊഴിച്ചെങ്കിലും തീ നിയന്ത്രിക്കാൻ കഴിയാതിരുന്നതോടെ അഗ്‌നിശമന സേനയെ വിവരം അറിയിക്കുകയായിരുന്നു.
സ്‌ഫോടന കാരണം വ്യക്തമല്ല. മക്കൾക്കൊപ്പമായിരുന്നു പുഷ്പവല്ലി കഴിഞ്ഞിരുന്നത്. പല വിധ അസുഖങ്ങൾ മൂലം ക്ഷീണിതയായിരുന്നു പുഷ്പവല്ലി. അതിനാൽ തീ പടരുമ്പോൾ ഓടി രക്ഷപെടാൻ സാധിച്ചില്ലെന്നാണ് കരുതുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Comments