ന്യൂഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷങ്ങളോട് അനുബന്ധിച്ച് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെയും സന്ദർശിച്ച് ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലി. സന്ദർശനം ഗാംഗുലിയുടെ രാഷ്‌ട്രീയ പ്രവേശനത്തിന് മുന്നോടിയാണ് എന്ന അഭ്യൂഹം ശക്തമാണ്. ഗാംഗുലി ബിജെപിയിൽ ചേരുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പ്രചരിച്ചിരുന്നു.
കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ഇന്ത്യൻ സംഘത്തെ അനുമോദിക്കാൻ സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ഗാംഗുലി പ്രധാനമന്ത്രിയെയും അമിത് ഷായെയും സന്ദർശിച്ചത്. ചടങ്ങിൽ മൂവരും ദീർഘനേരം സംഭാഷണത്തിൽ ഏർപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കേന്ദ്ര കായിക വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂറും ചടങ്ങിൽ സന്നിഹിതനായിരുന്നു. ഗാംഗുലി ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഒന്നും വന്നിട്ടില്ല. കഴിഞ്ഞ പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും ഗാംഗുലി ബിജെപിയിൽ ചേരും എന്ന വാർത്തകൾ വന്നിരുന്നു. എന്നാൽ അനാരോഗ്യം നിമിത്തം ദീർഘകാലം അദ്ദേഹം വിശ്രമത്തിൽ ആയതോടെ രാഷ്‌ട്രീയ പ്രവേശന വാർത്തകൾ കെട്ടടങ്ങിയിരുന്നു. ഗാംഗുലിയുടെ രാഷ്‌ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് പുറത്ത് വരുന്ന വാർത്തകളോട് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രതികരിച്ചില്ല.
Comments