ഇന്ത്യൻ ക്രിക്കറ്റിന് യുവരാജ് എന്ന മധ്യനിര ബാറ്ററുടെ സംഭാവന ഒരിക്കലും വിസ്മരിക്കാനാവില്ല. 2007 പ്രഥമ ടി 20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ് എന്നിവ ഇന്ത്യ കരസ്ഥമാക്കിയപ്പോൾ മുഖ്യ പങ്ക് വഹിച്ചത് ഈ ഇടം കൈയ്യൻ താരമായിരുന്നു. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ മൈതാനത്തിലേക്കുളള തന്റെ തിരിച്ചുവരവിന്റെ സൂചന നൽകിയതാണ് യുവി വീണ്ടും ചർച്ചയാകുന്നത്. യുവരാജ് സിങ് 2019ൽ എല്ലാത്തരം ക്രിക്കറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. അതിനുശേഷം ഫീൽഡിൽ നിന്ന് താരം വിട്ടുനിൽക്കുകയാണ്. 19 വർഷം നീണ്ട ക്രിക്കറ്റ് ജീവിതത്തിൽ അദ്ദേഹം ഇന്ത്യക്കായി 402 അന്താരാഷ്‌ട്ര മത്സരങ്ങൾ കളിച്ചു.
കളത്തിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് സൂചന നൽകി യുവരാജ് പങ്ക് വച്ച വീഡിയോയുടെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു, ”വരാനിരിക്കുന്ന കാര്യങ്ങളിൽ വളരെ ആവേശമുണ്ട്!” വീഡിയോയിൽ, യുവരാജ് തന്റെ കിറ്റുകൾ കാറിൽ കയറ്റിയശേഷം പരിശീലനത്തിന് പോകുന്നത് കാണാം. എന്തിനാണ് കിറ്റുകൾ പാക്ക് ചെയ്യുന്നതെന്ന് ചോദിച്ചപ്പോൾ, യുവരാജ് പറഞ്ഞു, ‘ഇന്ന് കുറച്ച് ക്രിക്കറ്റ് പരിശീലിക്കാം, ഏതെങ്കിലും ടൂർണമെന്റ് വരുമോ എന്ന് നിങ്ങൾക്കറിയില്ല’.
Didn’t do too bad, did I? 🤪 Super excited for what’s coming up! pic.twitter.com/MztAU5nyZJ
— Yuvraj Singh (@YUVSTRONG12) August 16, 2022
വീഡിയോയിൽ യുവരാജ് തന്റെ ബാറ്റിംഗ് ഗിയർ ധരിക്കുന്നതും കാണാം. തുടർന്ന് അദ്ദേഹം ബാറ്റിംഗ് പരിശീലനവുമായി മുന്നോട്ട് പോകുകയും ചില ഗംഭീര ഷോട്ടുകൾ പായിക്കുന്നതും കാണാം. വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
തന്റെ അവസാന ഐപിഎൽ സീസണിൽ യുവരാജ് സിംഗ് മുംബൈ ഇന്ത്യൻസിനെ പ്രതിനിധീകരിച്ചു. ഇന്ത്യക്കായി അവസാനമായി അന്താരാഷ്‌ട്ര മത്സരം കളിച്ചത് 2017ലാണ്. മുംബൈ ഇന്ത്യൻസ് വേണ്ടിയാണ് അവസാന ഐപിഎൽ സീസണിൽ കളിച്ചെങ്കിലും നാല് മത്സരങ്ങളിൽ മാത്രമാണ് ഇടംപിടിച്ചത്. യുവരാജ് ഇപ്പോൾ തന്റെ തിരിച്ചുവരവിന്റെ സൂചന നൽകിയത് ആരാധകർ സ്വാഗതം ചെയ്തു. യുവി വീണ്ടും ക്രിക്കറ്റ് പാഡണിയുമെന്ന പ്രതീക്ഷയിലാണ് കളി ആസ്വാദകർ.
ഏകദിന ക്രിക്കറ്റിൽ യുവരാജ് 300ലധികം മത്സരങ്ങൾ കളിച്ചു. 8701 റൺസ് നേടുകയും 111 വിക്കറ്റ് വീഴ്‌ത്തുകയും ചെയ്തു. ടി20 ഫോർമാറ്റിൽ 58 മത്സരങ്ങൾ കളിച്ച ഇടംകൈയ്യൻ ബാറ്റർ 1177 റൺസ് സമ്പാദിച്ചു. 28 വിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. യുവരാജ് 40 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു. 1900 റൺസും 9 വിക്കറ്റുമാണ് ടെസ്റ്റിലെ നേട്ടം.
Comments