മോഹൻലാൽ ആരാധകരിൽ ആവേശം നിറച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. സമൂഹമാദ്ധ്യമങ്ങളിലെ ചർച്ചകൾക്ക് ഇന്ന് അവസാനം കുറിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായ് സമൂഹമാദ്ധ്യമങ്ങളിൽ മോഹൻലാൽ ചിത്രത്തെ സംബന്ധിച്ച് ചൂടേറിയ ചർച്ച നടന്നു വരികയായിരുന്നു. നടന്റെ ഏറ്റവും വലിയ ഹിറ്റുകളായിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം, ദൃശ്യം2 എന്നീ സിനിമകൾ. ചിത്രങ്ങളുടെ മൂന്നാം ഭാഗം ഉടൻ പ്രഖ്യാപിക്കും എന്ന ചർച്ചകളും ഊഹാപോഹങ്ങളും നടന്നതോടെ ദൃശ്യം എന്ന സിനിമ സോഷ്യൽ മീഡിയയിൽ ട്രെന്റിംഗ് ആയി മാറി. ഇതിന് പുറമെ ഒരു വലിയ സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ചിങ്ങം ഒന്നായ ഓഗസ്റ്റ് 17-ന് ഉണ്ടാകുമെന്ന് ആന്റണി പെരുമ്പാവൂർ അറിയിച്ചതോടെ ആരാധകർക്കും സിനിമാ പ്രേമികൾക്കും ആവേശം പതിമടങ്ങായി. ഇപ്പോൾ ഇത് സംബന്ധിച്ച് പുതിയ അറിയിപ്പ് നൽകിയിരിക്കുകയാണ് നിർമ്മാതാവ്.
മോഹൻലാലിനൊപ്പം പൃത്ഥിരാജും മുരളീ ഗോപിയും നിൽക്കുന്ന ചിത്രവും ഒരു യൂട്യൂബ് ലിങ്കും പങ്കുവെച്ചിരിക്കുകയാണ് ആൻ്റണി പെരുമ്പാവൂർ. മുരളീ ഗോപിയുടെ തിരക്കഥയിൽ പൃത്ഥ്വിരാജ് സംവിധാനം ചെയ് ലൂസിഫറിന്റെ രണ്ടാം ഭാഗത്തിന്റെ അപ്ഡേറ്റാണ് ഇന്ന് ഉണ്ടാകുന്നതെന്ന് ഉറപ്പായി കഴിഞ്ഞിരിക്കുന്നു. എമ്പുരാൻ എന്ന് പേര് നൽകിയിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ തിരക്കഥ കഴിഞ്ഞ മെയ് മാസം മുരളീ ഗോപി പൂർത്തിയാക്കിയിരുന്നു. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബിലെത്തിയ ചിത്രമാണ് ലൂസിഫർ. സിനിമയുടെ രണ്ടാം ഭാഗത്തിന് സിനിമാ പ്രേമികൾ ഒന്നടങ്കം കാത്തിരിക്കുകയാണ്. വൈകിട്ട് 4 മണിയ്‌ക്കായിരിക്കും സിനിമയെ സംബന്ധിച്ചുള്ള വീഡിയോ പുറത്തു വിടുക. ഇതിനോടകം തന്നെ നിർമ്മാതാവ് പങ്കുവെച്ചിരിക്കുന്ന ആശിർവാദ് സിനിമാസിന്റെ യൂട്യൂബ് ലിങ്കിന് താഴെ ആരാധകരുടെ കമൻ്റുകൾ നിറഞ്ഞു കഴിഞ്ഞു.
ലൂസിഫറിന് മൂന്ന് ഭാഗങ്ങൾ ഉണ്ടായിരിക്കുമെന്ന് മുമ്പ് പൃത്ഥ്വിരാജ് വ്യക്തമാക്കിയിട്ടുണ്ട്. ‘ലൂസിഫർ ഒരു ത്രീ പാർട്ട് ഫിലിം ഇവൻറ് ആണ്. ലൂസിഫറിന്റെ ലോകം പാർട്ട്-2 ആകുമ്പോൾ ഒന്നു കൂടി വികസിക്കും. നിങ്ങൾ ലൂസിഫർ 1-ൽ കണ്ട പലതിന്റെയും പിന്നിൽ മറ്റ് ചിലത് കൂടി ഉണ്ട്. അതിനൊരു മൂന്നാം ഭാഗവും ഉണ്ടാവും. അതിനെ വേണമെങ്കിൽ നിങ്ങൾക്ക് പിസിയു എന്ന് വിളിക്കാം അഥവാ പൃഥിരാജ് സിനിമാറ്റിക് യൂണിവേഴ്സ്’ എന്നാണ് ഒരു അഭിമുഖത്തിൽ സംവിധായകൻ പറഞ്ഞത്. ഏത് ചിത്രമായിരിക്കും അനൗൺസ് ചെയ്യാൻ പോകുന്നത് എന്ന ആരാധകരുടെ കാത്തിരിപ്പിന് അവസാനം കുറിച്ചിരിക്കുകയാണ്. എന്നാൽ അതേസമയം ദൃശ്യം എന്ന സിനിമയുടെ തുടർച്ച ഉണ്ടാകുമെന്ന പ്രതീക്ഷ ആരാധകർ കൈവിടുന്നില്ല.
















Comments