മനുഷ്യർ എന്ത് ചെയ്താലും അത് അനുകരിക്കാൻ ശേഷിയുള്ളവരാണ് കുരങ്ങന്മാർ. അടുത്ത നിമിഷം അവർ എന്ത് ചെയ്യുമെന്ന് ആർക്കും ചിന്തിക്കാൻ പോലും സാധിക്കില്ല. കണ്ണൊന്ന് തെറ്റിയാൽ തന്നെക്കൊണ്ട് എന്ത് വേണമെങ്കിലും ചെയ്യാനാകും എന്ന് കാണിച്ചിരിക്കുകയാണ് കാലിഫോർണിയ മൃഗശാലയിലുള്ള ഒരു കുരങ്ങൻ. പോലീസിന്റെ എമർജൻസി നമ്പറായ 911 ലേക്ക് വിളിച്ചുകൊണ്ടാണ് ഈ കുരങ്ങൻ ഇത് തെളിയിച്ചത്.
സാൻ ലൂയിസ് ഒബിസ്പോ കൗണ്ടി ഷെരീഫിന്റെ ഓഫീസിലേക്കാണ് കോൾ പോയത്. കോൾ അറ്റന്റ് ചെയ്ത ഉടൻ തന്നെ അത് കട്ടാക്കപ്പെട്ടു. തിരിച്ചു വിളിച്ചിട്ടാണെങ്കിൽ പ്രതികരണവും ഇല്ല. ഇതോടെയാണ് സഹായം ഉറപ്പാക്കാൻ ഫോൺ വിളിച്ച സ്ഥലത്ത് ഉദ്യോഗസ്ഥർ എത്തിയത്. ലോസ് ഏഞ്ചൽസിൽ നിന്ന് ഏകദേശം 320 കിലോമീറ്റർ വടക്കുള്ള മൃഗശാലയിലേക്കാണ് അവർ പോയത്. എന്നാൽ അവിടെ നിന്നും ആരും എമർജൻസി നമ്പറിലേക്ക് വിളിച്ചിരുന്നില്ലെന്ന് മൃഗശാല അധികൃതരും പറഞ്ഞു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഫോൺ വിളിച്ചത് ഒരു കുരങ്ങനാണെന്ന് വ്യക്തമായത്. റൂട്ട് എന്ന കുരങ്ങനാണ് മൃഗശാലയിൽ സഞ്ചരിക്കാൻ ഉപയോഗിക്കുന്ന ഗോൾഫ് കാർട്ടിൽ നിന്ന് ഫോൺ എടുത്തത്. തുടർന്ന് അതിലെ ബട്ടൺ ഞെക്കി വിളിച്ചതായിരിക്കാം എന്ന് അധികൃതർ പറയുന്നു.
സാധാരണ കുരങ്ങന്മാർ കയ്യിൽ കിട്ടുന്ന എന്തും എടുത്ത് പ്രയോഗിക്കാറുണ്ട്. അത്തരത്തിൽ ഇതും എടുത്ത് ഉപയോഗിച്ചതാകാം എന്നാണ് നിഗമനം. സംഭവം വിശദീകരിച്ചുകൊണ്ട് പോലീസാണ് ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്.
Comments