എറണാകുളം: ആസാദ് കശ്മീർ പരാമർശത്തിൽ കെ.ടി ജലീലിനെതിരെ പരാതി നൽകി ക്രിസ്തീയ സംഘടനയായ കാസ. സംഘടനാ അദ്ധ്യക്ഷൻ കെവിൻ പീറ്ററാണ് എറണാകുളം സെൻട്രൽ പോലീസിൽ പരാതി നൽകിയത്. ജലീലിന്റെ പരാമർശം ഭരണഘടനയെ അധിക്ഷേപിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്.
ദിവസങ്ങൾക്ക് മുൻപാണ് കശ്മീർ സന്ദർശനത്തെക്കുറിച്ച് വിവരിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിൽ ജലീൽ കശ്മീരിനെ ആസാദ് കശ്മീർ എന്ന് പരാമർശിച്ചത്. സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി കാസ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പോലീസിൽ പരാതി നൽകിയത്.
ജലീൽ നടത്തിയ പരാമർശം രാജ്യദ്രോഹമാണ്. ഭരണഘടനയെ ജലീൽ അവഹേളിച്ചു. അതിനാൽ നിയമപ്രകാരം ജലീലിനെതിരെ നടപടി സ്വീകരിക്കണമെന്ന് കെവിൻ നൽകിയ പരാതിയിൽ പറയുന്നു. പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ജലീലിനെതിരെ കോടതിയെ സമീപിക്കുമെന്നും കെവിൻ വ്യക്തമാക്കി. അതേസമയം പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.
Comments