വാഷിംഗ്ടൺ: ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് അത്യപൂർവ്വ ഇളവും അംഗീകാരവും നൽകി അമേരിക്ക. പെന്റഗണിലേയ്‌ക്ക് ഇന്ത്യയുടെ പ്രതിരോധ വകുപ്പിന്റെ ഉന്നതന്മാർക്ക് സുരക്ഷാ പരിശോധനയില്ലാതെ പ്രവേശിക്കാമെന്ന തീരുമാനമാണ് എടുത്തിരിക്കുന്നത് . ഇന്ത്യയുടെ 75-ാം സ്വാതന്ത്ര്യദിനാഘോഷത്തിനായി ഇന്ത്യൻ എംബസിയിൽ സ്ഥാനപതി വിളിച്ചു ചേർത്ത ചടങ്ങിലാണ് തീരുമാനം അറിയിച്ചത്. ഇന്ത്യയ്‌ക്ക് ലഭിച്ചിരിക്കുന്ന സവിശേഷമായ അംഗീകാരത്തിന്റെ പ്രഖ്യാപനം അമേരിക്കൻ പ്രതിരോധ വകുപ്പിന്റെ ഉദ്യോഗസ്ഥനും വ്യോമസേനാ സെക്രട്ടറിയുമായ ഫ്രാങ്ക് കെൻഡലാണ് പ്രതിനിധി എന്ന നിലയിലെത്തി അറിയിച്ചത്.
അതീവ സുരക്ഷാ മേഖലയിൽ ഏതു രാജ്യത്തിന്റെ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും പലപ്പോഴും പ്രവേശനമുണ്ടാകാറില്ല. അത് പരിഗണിക്കുന്പോഴാണ് ഇന്ത്യയ്‌ക്ക് അത്യ പൂർവ്വമായ ഇളവ് ലഭിച്ചിരിക്കുന്നത്. ഇന്ത്യയും അമേരിക്കയും തമ്മിൽ പ്രതിരോധ രംഗത്ത് എത്ര ശക്തമായ ബന്ധമാണ് എന്നതിന്റെ തെളിവാണിതെന്ന് പ്രതിരോധ വിദഗ്ധർ അറിയിച്ചു.
‘ഇന്നു മുതൽ ഇന്ത്യൻ പ്രതിരോധ സുരക്ഷാ ഉന്നതതല സംഘത്തിന് സവിശേമായ ഒരു ഇളവ് ലഭിച്ചിരിക്കുന്നു. അമേരിക്കയുടെ പ്രതിരോധ ആസ്ഥാനമായ പെന്റഗണിലേയ്‌ക്ക് സുരക്ഷാ നിയന്ത്രണങ്ങളില്ലാതെ കടന്നുചെല്ലാൻ അനുമതി നൽകിയിരിക്കുന്നു. ഇന്ത്യയുമായുള്ള അമേരിക്കയുടെ പ്രതിരോധ പങ്കാളിത്തം സുതാര്യവും ശക്തവുമാണ്. ആഗോള തലത്തിൽ പ്രതിരോധ മേഖലയിൽ ഇന്ത്യയുമായുള്ള വിശ്വാസവും സഹകരണവും ശക്തമാണെന്നതാണ് ഈ നടപടിയിലൂടെ പെന്റഗൺ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നത്.’ പെന്റഗണിന് വേണ്ടി ഫ്രാങ്ക് കെൻഡൽ അറിയിച്ചു.
തനിക്ക് പോലും പെന്റഗണിൽ പ്രത്യേക സുരക്ഷാ അനുമതിയില്ലാതെ പ്രവേശിക്കാൻ സാധിക്കില്ലെന്ന് ചടങ്ങിൽ കെൻഡൽ അറിയിച്ചു. ശക്തമായ സുരക്ഷാ മാനദണ്ഡം നിലനിൽക്കേയാണ് വിദേശ രാജ്യമായ ഇന്ത്യയുടെ പ്രതിരോധ വകുപ്പിന് ഇളവ് ലഭിച്ചത്. ഇരുരാജ്യങ്ങളുടേയും പ്രതിരോധ വകുപ്പുകൾ തമ്മിലുള്ള കരുത്തുറ്റ ബന്ധമാണ് അനുമതി നൽകിയതിലൂടെ ബോദ്ധ്യപ്പെട്ടതെന്നും അമേരിക്കയുടെ വ്യോമയാന സെക്രട്ടറി അറിയിച്ചു.
Comments