ഹ്യൂലീൻ: ചൈനയുടെ ഹുങ്കിനെതിരെ ശക്തമായ വ്യോമായുധം പുറത്തെടുത്ത് തായ്വാൻ. ഇതുവരെ പുറത്തിറക്കാതിരുന്ന ജെറ്റ് വിമാനമാണ് തായ്വാൻ പ്രദർശിപ്പിച്ചത്. ശക്തിയേറിയ ഹൃസ്വദൂര മിസൈലുകളും വിമാനത്തിലുണ്ട്. എച്ച്-16വി മിസൈലുകളാണ് ചൈനയെ പ്രതിരോധിക്കാൻ തായ്വാൻ വികസിപ്പിച്ചത്.
അമേരിക്കൻ ഹൗസിന്‌റെ സ്പീക്കർ നാൻസി പലോസിക്കു പുറമേ മറ്റ് ജനപ്രതിനിധികളും തായ്വനിലെത്തിയതിൽ കടുത്ത അമർഷമാണ് ചൈന പ്രകടിപ്പിക്കുന്നത്. അമേരിക്കൻ സംഘത്തിന്റെ വരവിൽ പ്രതിഷേധിച്ച് ഇന്നലെ 17 യുദ്ധവിമാനങ്ങളുമായി ചൈന തായ്വാൻ വ്യോമാതിർത്തി ലംഘിച്ചിരുന്നു. പിന്നാലെയാണ് ബീജിംഗിനെതിരെ തായ്വാന്റെ ശക്തമായ വെല്ലുവിളി.
ഏതു നിമിഷവും തങ്ങളെ ചൈന ആക്രമിക്കുമെന്ന പ്രകോപനത്തിനെ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നാണ് തായ്വാന്റെ മുന്നറിയിപ്പ്. തായ്വാൻ വ്യോമസേനയും നാവികസേനയും ചൈനയ്‌ക്കെതിരെ നിരന്തരം പരിശീലനത്തിലാണ്. ചൈനാ കടലിടുക്കിൽ അമേരിക്കൻ നാവിക വ്യൂഹത്തിന്റെ പിന്തുണയും തായ്വാനുണ്ട്. ഇതിനിടെ അമേരിക്കയ്‌ക്ക് പുറമേ ജപ്പാനോടും തികഞ്ഞ ശത്രുതാ മനോഭാവത്തോടെ പെരുമാറുന്ന ചൈന നിരവധി തവണ വ്യോമാതിർത്തി ലംഘിച്ച് വിമാനം പറത്തിയിരുന്നു.
Comments