കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പ്രിയവർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ഗവർണറുടെ നടപടിയിൽ പ്രതികരിച്ച് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ. സർവകലാശാലകളിലെ നിയമനങ്ങളിൽ ഗവർണർ ഇടപെട്ട ചരിത്രമില്ലെന്ന് ജയരാജൻ പറഞ്ഞു. ഗവർണറുടെ നടപടി നിയമപ്രശ്നമായി മാത്രം കാണാനാകില്ല എന്നാണ് ജില്ലാ സെക്രട്ടറിയുടെ നിലപാട്.
ഇത് ഒരാളുടെ മാത്രം നിയമ പ്രശ്നമല്ല, അങ്ങനെ കാണാൻ സാധിക്കില്ല. തെറ്റുണ്ടെങ്കിൽ സർവകലാശാലയോട് നടപടിയെടുക്കാനാണ് ഗവർണർ പറയേണ്ടതെന്നും ജയരാജൻ പറഞ്ഞു. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ. രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനം ഗവർണർ സ്റ്റേ ചെയ്തിരുന്നു. ഇത് സിപിഎമ്മിനെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.
പ്രിയ വർഗീസിന്റെ നിയമനം ചട്ടങ്ങൾ മറികടന്നാണെന്ന് വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രിയവർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം മരവിപ്പിച്ച ഗവർണർ, കണ്ണൂർ യൂണിവേഴ്‌സിറ്റി വിസിയ്‌ക്ക് നോട്ടീസും നൽകി. ചാൻസിലറുടെ അധികാരം ഉപയോഗിച്ചാണ് ഗവർണർ ചട്ടലംഘനത്തിന് തിരിച്ചടി നൽകിയത്.
Comments