ന്യൂഡൽഹി: വിയറ്റ്നാം സൈന്യത്തിന് ആധുനിക യുദ്ധമുറകളിൽ പരിശീലനം നൽകി ഇന്ത്യൻ സൈന്യം. ഇന്ത്യ- വിയറ്റ്നാം ബന്ധത്തിൽ ചൈനയുടെ അതൃപ്തി മറികടന്നാണ് സൈനികാഭ്യാസം നടന്നത്. വിയറ്റ്നാം സൈന്യം ഒരു വിദേശ രാജ്യത്ത് പങ്കെടുക്കുന്ന ആദ്യ ഫീൽഡ് പരിശീലന സൈനികാഭ്യാസമാണ് വിൻബാക്സ്.
മൂന്നാഴ്ച നീണ്ടു നിന്ന പരിശീലനത്തിന്റെ ഭാഗമായി സൈനികർക്ക് സാങ്കേതിക രംഗത്തും ആതുര ശുശ്രൂഷ രംഗത്തും ഇന്ത്യൻ സേന പരിശീലനം നൽകി. ഐക്യരാഷ്‌ട്ര സമാധാന ദൗത്യത്തിന്റെ ഭാഗമാകുന്നതുമായി ബന്ധപ്പെട വിവിധ മേഖലകളിൽ വിയറ്റ്നാം സൈനികർക്ക് പ്രത്യേക പരിജ്ഞാനവും പരിശീലനത്തിന്റെ ഭാഗമായി ഇന്ത്യ നൽകി.
അനുനിമിഷം ആധുനികവത്കരിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യൻ സൈന്യത്തിന് കീഴിൽ പരിശീലനം നേടാൻ സാധിച്ചത് അഭിമാനകരമായ അനുഭവമായിരുന്നു എന്ന് വിയറ്റ്നാം സൈനിക വക്താവ് അറിയിച്ചു. ഇന്ത്യയും വിയറ്റ്നാമും തമ്മിൽ സൈനിക രംഗത്ത് സഹകരണം വ്യാപിപ്പിക്കുന്നത് വലിയ നേട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ജൂൺ മാസത്തിൽ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് വിയറ്റ്നാം സന്ദർശിച്ചിരുന്നു. ഈ സന്ദർശനത്തിൽ ഉരുത്തിരിഞ്ഞ നിർദ്ദേശപ്രകാരമായിരുന്നു സൈനിക പരിശീലനം. വിയറ്റ്നാമിന് 12 അതിവേഗ ഗാർഡ് ബോട്ടുകളും ഇന്ത്യ കൈമാറിയിരുന്നു. ദീർഘവീക്ഷണത്തോട് കൂടിയ ഉഭയകക്ഷി സൈനിക സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി മാർഗരേഖയും ഇരു രാജ്യങ്ങളും തയ്യാറാക്കിയിരുന്നു.
വിയറ്റ്നാം സൈന്യത്തിന്റെ നവീകരണത്തിനായി എല്ലാ തരത്തിലുമുള്ള സഹകരണം ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂസ് മിസൈൽ, ആകാശ് മിസൈൽ എന്നിവയും ഇന്ത്യ വിയറ്റ്നാമിന് വാഗ്ദാനം ചെയ്തിരുന്നു.
















Comments