ദേശീയ ബോധമുള്ള ഒരു തലമുറയെ സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെ രൂപീകൃതമായ സാംസ്കാരിക സംഘടനയാണ് ബാലഗോകുലം. കുട്ടികളിൽ ഭാരതീയ ചിന്താധാരകൾക്ക് വിത്ത് വിതറി സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ ജന്മാഷ്ടമി നാളിൽ ആഘോഷിക്കാറുള്ള പരിപാടിയാണ് ശ്രീകൃഷ്ണ ജയന്തി. ഭഗവാൻ ശ്രീകൃഷ്ണന്റെ സന്ദേശങ്ങൾ സമകാലിക സമൂഹത്തിലെ സാഹചര്യങ്ങളുമായി കൂട്ടിയിണക്കിക്കൊണ്ട് ബാലഗോകുലവും അനുബന്ധ സാംസ്കാരിക സമിതികളും ഭക്തസഹസ്രങ്ങളും ചേർന്ന് കേരളക്കരയെ അക്ഷരാർത്ഥത്തിൽ അമ്പാടിക്കടലാക്കി മാറ്റുകയായിരുന്നു ഇന്ന്. സ്വത്വം വീണ്ടെടുക്കാം സ്വധർമ്മാചരണത്തിലൂടെ എന്ന കാലിക പ്രസക്തിയാർജ്ജിച്ച സന്ദേശം സമൂഹത്തിന് നൽകി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന സാംസ്കാരിക ഘോഷയാത്രയിൽ പതിനായിരക്കണക്കിന് ആളുകൾ അണിനിരന്നു.
മാറുന്ന കേരളത്തിൽ ഒരുമയുടെ സന്ദേശം പകർന്നു നൽകി ഹിന്ദു സമൂഹത്തിൽ മാറ്റങ്ങൾ സൃഷ്ടിച്ച് ദേശീയ ബോധമുള്ള ഒരു തലമുറയെ വളർത്തുക എന്ന ഉദ്ദേശത്തോടെ രാഷ്‌ട്രീയ സ്വയം സേവക സംഘം രൂപീകരിച്ച സാംസ്കാരിക പ്രസ്ഥാനമായ ബാലഗോകുലത്തെ സമൂഹം ഏറ്റെടുത്തതിന്റെ പ്രതീകമാണിത്. എഴുത്തുകാരനും. വാഗ്മിയും, ചിന്തകനുമായ എം എ കൃഷ്ണൻ എന്ന എം എ സാർ മുന്നോട്ട് വെച്ച ആശയമാണ് ബാലഗോകുലം. കുട്ടികളിൽ സാംസ്കാരിക മൂല്യം ഉണർത്തി അവരെ ദേശീയ ബോധമുള്ള പൗരന്മാരാക്കുക എന്ന സങ്കല്പം അക്ഷരാർത്ഥത്തിൽ സമൂഹം ഏറ്റെടുക്കുകയായിരുന്നു. സമുഹത്തിൽ ബാലഗോകുലം സൃഷ്ടിച്ച സാംസ്കാരിക മാറ്റം വളരെ വലുതാണ്. ജാതീയതയുടെ മതിൽക്കെട്ടുകൾ പൊളിച്ചടുക്കി സ്വാഭിമാനത്തിന്റെ മൂല്യങ്ങളെ പകർന്ന് നൽകുവാൻ ബാലഗോകുലത്തിന് സാധിച്ചു.
അധികാര ലാഭത്തിനായ് ഹിന്ദു സമൂഹത്തെ വിഭജിച്ചു നിർത്തി മുതലെടുപ്പ് നടത്തിയ ഇടതു വലതു പ്രത്യയശാസ്ത്രത്തിന്റെ മസ്തകത്തിനേറ്റ അടിയാണ് ബാലഗോകുലത്തിന്റെ അഭൂതപൂർണ്ണമായ വളർച്ച. ഭഗവാൻ ശ്രീകൃഷ്ണന്റെ ജന്മദിനത്തിൽ ഓരോ വീടുകളിലും സ്വാഭിമാനത്തിന്റെ പ്രതിരൂപമായ ഉണ്ണിക്കണ്ണന്മാരെ സൃഷ്ടിച്ചെടുക്കുകയും അവരെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് ഉയർത്തിക്കൊണ്ടു വരികയുമാണ് ബാലഗോകുലം ചെയ്തത്.
അടിച്ചമർത്തപ്പെട്ടവരേയും അകറ്റി നിർത്തപ്പെട്ടവരെയും ഒരു കുടക്കീഴിൽ അണിനിരത്തി ആത്മാഭിമാനത്തിന്റെ സന്ദേശം പകർന്നു നല്കാൻ ബാലഗോകുലം വഹിച്ച പങ്ക് അനിർവചനീയമാണ്. ഓരോ ദിനവും അത്ഭുതപ്പെടുത്തുന്ന മുന്നേറ്റം നേടിയെടുക്കാൻ സാധിച്ചതിനൊപ്പം ശ്രീകൃഷ്ണ ജയന്തി എന്ന സാംസ്കാരിക സ്വത്വത്തെ സമൂഹം ഏറ്റെടുക്കുകയാണ് ചെയ്തത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ മഞ്ഞപ്പട്ടുടുത്ത് കൈയില്‍ ഓടക്കുഴലേന്തി പീലിത്തിരുമുടി കെട്ടിയ ഉണ്ണിക്കണ്ണന്മാരും , ഗോപികമാരും അണിനിരക്കുന്ന വർണ്ണവിസ്മയം തീർക്കുന്ന ശോഭായാത്രകൾ ഓരോ മലയാളിയുടെയും മനം കവരുകയാണ് ചെയ്തത്. ജാതിയുടെയും മതത്തിന്റെയും മാറാപ്പുകളെ വലിച്ചെറിഞ്ഞ് സ്വാഭിമാനത്തിന്റെ വിരാടരൂപം പ്രാപിച്ച് ഹിന്ദു സമൂഹം സടകുടഞ്ഞെഴുന്നേറ്റിട്ടുണ്ടെങ്കിൽ അതിനു പിറകിൽ ആർ എസും എസും ബാലഗോകുലവും നിർവഹിച്ച പങ്ക് വളരെ വലുതാണ്. ഭാരതത്തിന്റെ സാംസ്കാരിക ദേശീയതയെ ഹൃദയത്തിലേറ്റു വാങ്ങിയ ഒരു തലമുറയെ സൃഷ്ടിച്ചെടുക്കാൻ ബാലഗോകുലത്തിനു സാധിച്ചു എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാം.
















Comments