ന്യൂഡൽഹി: ഡൽഹി സർക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ നടക്കുന്ന സിബിഐ റെയ്ഡ് പുരോഗമിക്കുന്നു.വിഷയത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെയും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്‌ക്കെതിരെയും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ.
സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്ത അന്നു തന്നെ ഡൽഹി സർക്കാർ അവരുടെ എക്‌സൈസ് നയം പിൻവലിച്ചത് പിന്നെ എന്തിനായിരുന്നുവെന്ന് കേന്ദ്രമന്ത്രി ചോദിച്ചു. ‘ മദ്യനയത്തിൽ പൊരുത്തക്കേടുകൾ ഇല്ലെങ്കിൽ പിന്നെ എന്തിനാണ് അത് പിൻവലിച്ചത്. സിബിഐയെ ഭയന്നാണ് അവരുടെ നീക്കങ്ങൾ. അതുകൊണ്ടാണ് കെജ്‌രിവാൾ ഇപ്പോൾ വിദ്യാഭ്യാസത്തെ കുറിച്ച് സംസാരിക്കുന്നത്.
‘അരവിന്ദ് കെജ്രിവാൾ ജനങ്ങളെ വിഡ്ഢികളായി കാണുന്നത് അവസാനിപ്പിക്കണം. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് അവസാനിപ്പിക്കണം. ആം ആദ്മിയുടേയും കെജ്രിവാളിന്റേയും മനീഷ് സിസോദിയയുടേയും യഥാർത്ഥ മുഖം ഇന്ന് ജനങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നുവെന്നും’ അനുരാഗ് താക്കൂർ പറഞ്ഞു. കഴിഞ്ഞ നവംബറിൽ കൊണ്ടുവന്ന എക്‌സൈസ് നയവുമായി ബന്ധപ്പെട്ട് ക്രമക്കേടുകൾ ഉണ്ടെന്ന പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹി ചീഫ് സെക്രട്ടറി ജൂലൈയിൽ നൽകിയ റിപ്പോർട്ടിൽ നിയമലംഘനം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി ലഫ്.ഗവർണർ വിനയ് കുമാർ സക്‌സേനയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടത്.
Comments