ന്യൂയോർക്ക്: ലോകപ്രശസ്ത സാഹിത്യകാരൻ സൽമാൻ റൂഷ്ദിയെ കൊലപ്പെടുത്താൻ ശ്രമിച്ചതിൽ പശ്ചാത്താപമില്ലെന്ന് ആവർത്തിച്ച് ഹാദി മേതർ. രണ്ടാം ഘട്ട വിചാരണയ്‌ക്കിടെ കോടതിയിൽ ആയിരുന്നു ഹാദി മേതർ നിലപാട് ആവർത്തിച്ചത്. ഹാദി സമർപ്പിച്ച ജാമ്യാപേക്ഷയും കോടതി തള്ളി.
സൽമാൻ റൂഷ്ദി ഇസ്ലാം മതത്തെ ആക്രമിച്ചു. അതുകൊണ്ടാണ് കൊലപ്പെടുത്താൻ തീരുമാനിച്ചത്. അതിൽ കുറ്റബോധമില്ലെന്നും ഹാദി മേതർ പറഞ്ഞു. പ്രതിയുടെ മൊഴിയും അന്വേഷണ സംഘം സമർപ്പിച്ച രേഖകളും പരിശോധിച്ച ശേഷമായിരുന്നു ജാമ്യം നൽകേണ്ടെന്ന കോടതിയുടെ തീരുമാനം. ആദ്യ ഘട്ട വിചാരണയ്‌ക്കിടെയും ഹാദി പശ്ചാത്താപം ഇല്ലെന്ന് കോടതിയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് സൽമാൻ റൂഷ്ദിയെ ഹാദി മേതർ കൊലപ്പെടുത്താൻ ശ്രമിച്ചത്. ന്യൂയോർക്കിലെ പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ അദ്ദേഹത്തിന്റെ കഴുത്തിൽ കത്തികൊണ്ട് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. നിലവിൽ ആരോഗ്യനില മെച്ചമായെങ്കിലും അദ്ദേഹം ആശുപത്രിയിൽ തുടരുകയാണ്.
ന്യൂജേഴ്‌സി സ്വദേശിയായ ഹാദി സൽമാൻ റൂഷ്ദിയുടെ മടങ്ങിവരവിലും അത്ഭുതം പ്രകടിപ്പിച്ചിരുന്നു. മരിക്കാൻ വേണ്ടിയാണ് ആക്രമിച്ചത്. എന്നാൽ ജീവൻ തിരിച്ചുകിട്ടിയതായി അറിഞ്ഞു. കേട്ടപ്പോൾ അതിശയം തോന്നിയെന്നായിരുന്നു ഹാദിയുടെ പ്രതികരണം.
















Comments