കണ്ണൂർ: കണ്ണൂർ യൂണിവേഴ്‌സിറ്റിയിൽ പ്രിയവർഗീസിന്റെ അസോസിയേറ്റ് പ്രൊഫസർ നിയമനം ഗവർണർ മരവിപ്പിക്കുകയും വിസിയ്‌ക്കെതിരെ നിലപാട് കടുപ്പിച്ചതും സർക്കാരിനും സിപിഎമ്മിനും നാണക്കേട് സൃഷ്ടിച്ചിരിക്കുകയാണ്. തെറ്റായ നിയമനങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ മോശമായ ഭാഷയിൽ വിമർശിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ രംഗത്തു വന്നു. ഗവർണർ തറ വേലയാണ് കാണിക്കുന്നതെന്നും മലർന്ന് കിടന്ന് തുപ്പുകയാണെന്നുമാണ് സിപിഎം നേതാവിന്റെ പരാമർശം.
മന്ത്രി സഭയുടെ ഉപദേശം എന്താണോ അതനുസരിച്ചാണ് ഗവർണർ പ്രവർത്തിക്കേണ്ടത്. എന്നാൽ സംഘപരിവാർ പറയുന്നതനുസരിച്ചാണ് ഗവർണറുടെ പ്രവർത്തനമെന്നും ഇത് തറ വേലയാണെന്നുമാണ് എം.വി ജയരാജൻ പറഞ്ഞത്. ഭരണഘടനയുടെ പ്രധാനപ്പെട്ട പദവിയാണ് ഗവർണർ എന്നത്. എന്നാൽ ആ പദവിയെ വില കുറച്ച് പ്രവർത്തിക്കുന്ന ആളാണ് ആരിഫ് മുഹമ്മദ് ഖാൻ എന്നും, ഗവർണർ അധപതിച്ചതിനാലാണ് വിസിയ്‌ക്കെതിരെ പറയുന്നതെന്നും സിപിഎം നേതാവ് പ്രതികരിച്ചു. കണ്ണൂർ വി.സിയുടെ നിയമനം ഒപ്പിട്ട് അംഗീകരിച്ച ഗവർണർ ഇപ്പോൾ മലർന്ന് കിടന്ന് തുപ്പുകയാണെന്നും ജയരാജൻ പറഞ്ഞു.
അതേസമയം, ശക്തമായ നിലപാടാണ് ചട്ടം ലംഘിച്ചുള്ള നിയമനങ്ങൾക്കെതിരെയും കൂട്ടുനിന്ന വിസിയ്‌ക്കെതിരെയും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കൈക്കൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ പാർട്ടി കേഡറെപ്പോലെയാണ് വിസി പ്രവർത്തിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഗോപിനാഥ് രവീന്ദ്രന്റെ പ്രവർത്തനം വി.സിയ്‌ക്ക് യോജിക്കാത്തതാണെന്നും ഗവർണർ തുറന്നടിച്ചു.
Comments