ന്യൂഡൽഹി: ആം ആദ്മി പാർട്ടി സർക്കാരിലെ ഉന്നതർ ഉൾപ്പെട്ട മദ്യകുംഭകോണത്തിൽ പ്രതിഷേധിച്ച് നേതാക്കൾ കൂട്ടരാജിക്കൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. പാർട്ടിയിലെ പ്രമുഖ നേതാവ് മനോജ് നാഗ്പാൽ, നേതൃത്വത്തിന് രാജി സമർപ്പിച്ചു. അഴിമതിക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെയുള്ളവർക്കെതിരായ സി ബി ഐ കണ്ടെത്തലിന്റെ പശ്ചാത്തലത്തിലാണ് രാജി. അഴിമതി വിരുദ്ധത പറഞ്ഞ് അധികാരത്തിൽ വന്നവർ അഴിമതിയുടെ മൊത്തക്കച്ചവടക്കാരായി മാറുന്ന കാഴ്ച ദയനീയമാണെന്ന് മനോജ് നാഗ്പാൽ പറഞ്ഞു.
ആം ആദ്മി പാർട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടാൻ മദ്യകുംഭകോണം കാരണമായതായി മനോജ് നാഗ്പാൽ ചൂണ്ടിക്കാട്ടി. പാർട്ടിയുടെ മദ്യനയം കുട്ടിക്കുടിയന്മാരെ സൃഷ്ടിക്കാൻ കാരണമായതായും സമൂഹത്തിന് ബാദ്ധ്യതയായതായും പാർട്ടിയുടെ സുഭാഷ് നഗർ വാർഡ് പ്രസിഡൻ്റായ നാഗ്പാൽ പറഞ്ഞു.
തന്റെ വാർഡിലെ സ്വകാര്യ മദ്യശാലയ്‌ക്ക് ലൈസൻസ് ലഭ്യമായതും അനധികൃതമായിട്ടായിരുന്നുവെന്ന് മനോജ് നാഗ്പാൽ പറഞ്ഞു. കോൺഗ്രസിന്റെ അഴിമതി തുറന്നുകാട്ടി അധികാരത്തിൽ വന്ന ആം ആദ്മി പാർട്ടി ഇന്ന് കോൺഗ്രസുമായി കൂട്ടുകൂടുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം ചോദിച്ചു.
മദ്യകുംഭകോണവുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റർ ചെയ്ത എഫ് ഐ ആറിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ ഉള്ളവർക്കെതിരെ ഗുരുതര പരാമർശങ്ങൾ ഉണ്ടായിരുന്നു. കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ആം ആദ്മി പാർട്ടിയിൽ നിന്നും രാജി വച്ചേക്കുമെന്നാണ് സൂചന.
Comments