തിരുവനന്തപുരം: ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ധനകാര്യമന്ത്രി തോമസ് ഐസക്. ഗവർണർ പദവി എന്നും വിവാദമായിട്ടുണ്ടെന്നും എന്നാൽ ഇന്നത്തേതുപോലെ ഒരു സ്ഥിതിവിശേഷം കേരളത്തിൽ മുമ്പ് ഉണ്ടായിട്ടില്ല എന്നുമാണ് തോമസ് ഐസകിന്റെ പ്രതികരണം. ഗവർണറെ ഉപയോഗിച്ച് കേരളത്തിലെ സർവ്വകലാശാലകളെ വർഗീയ വത്കരിക്കാനുള്ള ആർഎസ്എസിന്റെ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് തോമസ് ഐസകിന്റെ വാദം. ആദരണീയനായ ചരിത്ര പണ്ഡിതനാണ് പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ അതിനാൽ വിമർശിക്കാൻ പാടില്ല എന്ന ന്യായീകരണമാണ് മുൻ ധനകാര്യമന്ത്രി മുന്നോട്ട് വെയ്‌ക്കുന്നത്.
അനുനയിപ്പിക്കുന്നതിന് പലവട്ടം കേരള സർക്കാർ ശ്രമിച്ചു. എന്നാൽ സർക്കാരിന് വഴങ്ങില്ലെന്ന ശാഠ്യത്തിലാണ് ഗവർണർ. പദവിയുടെ മാന്യത വിട്ട് വൈസ് ചാൻസലറെ ക്രിമിനലെന്ന് വിളിക്കുന്നതിലേയ്‌ക്ക് എത്തിയിരിക്കുകയാണ് ആരിഫ് മുഹമ്മദ് ഖാൻ എന്ന് അദ്ദേഹം ഫേയ്സ്ബുക്കിലൂടെ വിമർശിച്ചു. ഒരു ചരിത്ര പണ്ഡിതനാണ് ഗോപിനാഥ് രവീന്ദ്രൻ എന്ന് ഗവർണർ മനസ്സിലാക്കണമെന്നും അദ്ദേഹം പറയുന്നു.
ബിജെപിയുടെ കീഴിൽ എല്ലാ അക്കാദമിക് മാനദണ്ഡങ്ങളും കാറ്റിൽപ്പറത്താൻ ശ്രമിക്കുകയാണ്. എല്ലാ അക്കാദമിക് വേദികളിലും ആർഎസ്എസ് ശിങ്കിടികളെ നിയമിക്കുന്നതിനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും വിസിയേയും കണ്ണൂർ സർവ്വകലാശാലയിലെ ചട്ടം ലംഘിച്ചുള്ള നിയമനത്തെയും ന്യായീകരിച്ചുകൊണ്ട് തോമസ് ഐസക് പറഞ്ഞു. കേരളത്തിലെ സർവ്വകലാശാലകളെ ഗവർണറെ ഉപയോഗിച്ച് നശിപ്പിക്കുവാൻ അനുവദിക്കില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Comments