കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ വെല്ലുവിളിച്ച് സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ. ജനകീയ പ്രക്ഷോഭത്തിലൂടെ പുറത്താകേണ്ട അവസ്ഥ ഗവർണർ ഉണ്ടാക്കരുതെന്നാണ് സിപിഎം നേതാവിന്റെ വെല്ലുവിളി. പ്രിയ വർഗീസിന്റെ നിയമനം സ്റ്റേ ചെയ്തതിൽ ഗവർണറെ ചോദ്യം ചെയ്ത് ഹൈക്കോടതിയിലേയ്‌ക്ക് വിസി പോകേണ്ട എന്നും രണ്ടാം സ്ഥാനക്കാരനായ ജോസഫ് സ്‌കറിയയുടെ ഹർജിയിൽ വി.സി നിലപാട് അറിയിച്ചാൽ മതിയെന്നും എം.വി ജയരാജൻ പറഞ്ഞു.
ഗവർണർ സർവ്വകലാശാല ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണ് ഉണ്ടായത്. അതിനാൽ തന്നെ ചാൻസലർ പദവിയിൽ ഇനി തുടരാൻ ഗവർണർക്ക് അർഹതയില്ല. ഓട് പൊളിച്ചല്ല വൈസ് ചാൻസലർ യൂണിവേഴ്‌സിറ്റിയിൽ വന്നതെന്നുമാണ് ജയരാജന്റെ ന്യായീകരണം. ഗവർണർക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐയും രംഗത്ത് വന്നിരുന്നു. പാർട്ടി മുഖപത്രമായ ജനയുഗത്തിൽ എഴുതിയ മുഖപ്രസംഗത്തിലാണ് വിമർശനം. ഇല്ലാത്ത അധികാരം എടുത്തണിഞ്ഞ് ഗവർണർ മേനി നടിക്കുകയാണെന്നും, ഗവർണറുടെ നടപടികൾ സർവ്വകലാശാല ചട്ടങ്ങൾക്ക് വിരുദ്ധമാണെന്നും ജനയുഗത്തിൽ വിമർശിക്കുന്നു.
അതേസമയം, സർക്കാരിന്റെയും സിപിഎമ്മിന്റെയും ഭീക്ഷണിയ്‌ക്കും സ്വാധീനത്തിനും വഴങ്ങാതെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും കേരള സർവ്വകലാശാല പ്രമേയം പാസാക്കിയതിനെതിരെ നടപടി എടുക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ കണ്ണൂർ വിസിക്കെതിരെ ഗവർണർ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിട്ടുള്ളത്. വൈസ് ചാൻസലർ ക്രിമിനലാണെന്നും, മാന്യതയുടെ അതിർവരമ്പുകൾ ലംഘിച്ചുവെന്നും ഗവർണർ പറയുന്നു. തന്നെ കായികമായി നേരിടാൻ വിസി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹം ആരോപിക്കുന്നു.
















Comments