തെലുങ്കർക്ക് മാത്രമല്ല മലയാളികൾക്കും പ്രിയപ്പെട്ട താരമാണ് കേരളീയർ ‘മല്ലു അർജ്ജുൻ’ എന്ന് വിശേഷിപ്പിക്കുന്ന അല്ലു അർജ്ജുൻ. താരം മലയാളികൾക്ക് പ്രിയപ്പെട്ടവനായിട്ട് വർഷങ്ങളേറയായി. എന്നാൽ പുഷ്പ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ അല്ലു അർജ്ജുൻ ആരാധകരെ സ്വന്തമാക്കി. അതിർത്തികൾ ഭേദിച്ച് ഇന്ത്യയ്‌ക്ക് പുറത്തും അല്ലു സ്റ്റാറായി മാറിയിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സെലിബ്രിറ്റികളും സിനിമാ പ്രേമികളും പുഷ്പയിലെ അല്ലു അർജ്ജുനെ അനുകരിക്കുന്നത് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ അത്തരത്തിലുള്ള ഒരു ചിത്രമാണ് സമൂഹമാദ്ധ്യമങ്ങളിൽ വീണ്ടും നിറയുന്നത്. വൈറൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് നടൻ അല്ലു അർജ്ജുൻ തന്നെയാണ്.
യുഎസിലെ ഇന്ത്യൻ പ്രവാസികൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാനെത്തിയതായിരുന്നു നടൻ. ഏറെ അറിയപ്പെടുന്ന പ്രവാസികളുടെ വാർഷിക പരിപാടിയായ ഇന്ത്യാ ദിന പരേഡിലാണ് അല്ലു അർജ്ജുൻ പങ്കെടുത്തത്. അവിടെ കണ്ടുമുട്ടിയ ഒരു വിശിഷ്ട വ്യക്തി പുഷ്പയെ അനുകരിക്കുന്ന ചിത്രമാണ് നടൻ തന്റെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ പങ്കുവെച്ചിരിക്കുന്നത്. ന്യൂയോർക്ക് മേയർ എറിക് ആഡംസാണ് താരത്തിനൊപ്പം പുഷ്പ എന്ന കഥാപാത്രത്തെ അനുകരിച്ചത്. താടിയിലൂടെ കൈ ചലിപ്പിക്കുന്ന ആക്ഷനാണ് മേയർ അനുകരിച്ച് നോക്കിയത്. ചിത്രം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുകയാണ്.
അല്ലു അർജ്ജുന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് പുഷ്പ. ആഗോള ബോക്സ്ഓഫീസിലടക്കം വലിയ കളക്ഷൻ സ്വന്തമാക്കിയ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് അല്ലു ആരാധകരും സിനിമാ പ്രേമികളും. ചിത്രത്തിൽ വില്ലനായി എത്തിയത് ഫഹദ് ഫാസിൽ ആണ്. രശ്മിക മന്ദാനയാണ് താരത്തിന്റെ നായിക. ‘പുഷ്പ: ദി റൂൾ’ എന്ന് പേരിട്ടിരിക്കുന്ന രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചിരുന്നു എങ്കിലും നിർമ്മാതാക്കളുടെ സമരത്തെ തുടർന്ന് നിർത്തി വെയ്‌ക്കുകയായിരുന്നു. നിലവിൽ സിനിമയെപ്പറ്റി പുതിയ അപ്ഡേറ്റുകൾ ഒന്നും പുറത്തുവിട്ടിട്ടില്ല. അതേസമയം, രണ്ടാം ഭാഗത്തിൽ ഫഹദ് ഫാസിലിനൊപ്പം മറ്റൊരു വില്ലൻ കഥാപാത്രമായി എത്തുന്നത് തമിഴ്നടൻ വിജയ് സേതുപതിയാണ്.
















Comments