പുതിയ എസ്യുവി 300 ഫെയ്സ് ലിഫ്റ്റ് പതിപ്പിന്റെ രൂപം വ്യക്തമാകുന്ന ടീസർ പുറത്തുവിട്ട് മഹീന്ദ്ര ആന്റ് മഹീന്ദ്ര. കമ്പനിയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് വാഹനത്തിന്റെ ടീസർ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എസ്യുവിയുടെ പുതുക്കിയ പതിപ്പ് വെറും 5.5 സെക്കന്റിൽ 0-100 കിലോമീറ്റർ വേഗത കൈവരിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. ടീസറിൽ എസ്യുവി 300 ചുവന്ന നിറത്തിലാണ് കാണുന്നത്. മഹീന്ദ്രയുടെ പുതിയ ഇരട്ട പീക്ക് ലോഗോയാണ് വാഹനത്തിന് നൽകിയിരിക്കുന്നത്. ഈ ഉത്സവ സീസണിൽ തന്നെ എസ്യുവി 300-ന്റെ ലോഞ്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ.
സ്റ്റിയംറിംഗ് വീലിലും എസ്യുവിയുടെ പിൻഭാഗത്തും ബ്രാൻഡിന്റെ പുതിയ ലോഗോ ഇടം നേടുന്നുണ്ട്. മുൻ എസ്യുവി 300-നെ അപേക്ഷിച്ച് കൂടുതൽ കളർ ഓപ്ഷനുകളിൽ പുതുക്കിയ പതിപ്പ് ഉപഭോക്താക്കൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മുൻ മോഡലിൽ നിന്നും വലിയ മാറ്റങ്ങൾ ഒന്നും ദൃശ്യമാകുന്നില്ല എങ്കിലും ഫെയ്സ് ലിഫ്റ്റ് പതിപ്പിന് ചില കോസ്മെറ്റിക് അപ്ഡേറ്റുകൾ ലഭിച്ചേക്കാം.
ഇന്ത്യൻ നിരത്തുകളിൽ ഫേസ് ലിഫ്റ്റ് എസ്യുവി 300-ന്റെ പരീക്ഷണ ഡ്രൈവ് നടന്നിരുന്നുവെന്ന് ഇതിന് മുമ്പ് റിപ്പോർട്ടുകൾ വന്നിരുന്നു. നിലവിലുള്ള കളർ ഓപ്ഷനുകൾക്കൊപ്പം ഡ്യുവൽ ഡോൺ കളർ സ്കീമും വാഹനത്തിന് ലഭ്യമാകുമെന്ന് ആരാധകർ പ്രതീക്ഷിക്കുന്നു. പേൾ വൈറ്റ്, ഡി സാറ്റ് സിൽവർ, ഗാലക്സി ഗ്രേ, നാപ്പോളി ബ്ലാക്ക്, റെഡ് റേജ്, അക്വാ മറൈൻ എന്നിങ്ങനെ ആറ് കളർ ഓപ്ഷനുകളിലാണ് എസ്യുവി 300 ഇന്ത്യൻ നിരത്തുകളിലേയ്ക്ക് എത്തുന്നത്. ടീസർ പ്രത്യക്ഷപ്പെട്ടതോടെ വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ചിനായി കാത്തിരിക്കുകയാണ് മഹീന്ദ്ര ആരാധകർ.
Comments