ഇടുക്കി : 15 കാരിയായ പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് കഠിന തടവ് വിധിച്ച് കോടതി. 24 കാരനായ യുവാവിന് 62 വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇത് കൂടാതെ ഒന്നര ലക്ഷം രൂപ പിഴയും അടയ്‌ക്കണം. ഇടുക്കി പോക്‌സോ കോടതിയൂടെയാണ് ഉത്തരവ്.
ദേവികുളം സ്വദേശിയാണ് പ്രതിയായ ആൽവിൻ. 2020 ലാണ് കേസിനാസ്പദമായ സംഭവം. പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയാണ് യുവാവ് പീഡനത്തിന് ഇരയാക്കിയത്. പെൺകുട്ടി ഗർഭിണിയായതോടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. ശാസ്ത്രീയ തെളിവുകളുൾപ്പെടെ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു. തുടർന്ന് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കുറ്റത്തിന് 40 വർഷത്തെ ശിക്ഷയും ലൈംഗിക അതിക്രമം നടത്തിയതിന് 20 വർഷം തടവും ഉൾപ്പെടെയാണ് 62 വർഷം ശിക്ഷ വിധിച്ചിരിക്കുന്നത്. ഏറ്റവും ഉയർന്ന ശിക്ഷയായ 40 വർഷം പ്രതിക്ക് ജയിലിൽ കഴിയേണ്ടി വരിക. മറ്റ് ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി.
Comments