ന്യൂഡൽഹി: ട്രാൻസ്‌ജെൻഡേഴ്‌സിന് പ്രത്യേക ആരോഗ്യ പാക്കേജുകൾ പ്രഖ്യാപിച്ച് കേന്ദ്രം. ഇതു സംബന്ധിച്ച് നാഷണൽ ഹെൽത്ത് അതോറിറ്റിയും സാമൂഹിക നീതി വകുപ്പും തമ്മിൽ ധാരണപത്രം ഒപ്പിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കി.എൻഎച്ച്എ സിഇഒ ഡോ.ആർഎസ് ശർമയും സാമൂഹിക നീതി വകുപ്പ് സെക്രട്ടറി ആർ സുബ്രഹ്മണ്യം എന്നിവരാണ് ധാരണപത്രത്തിൽ ഒപ്പുവെച്ചത്.
ആയുഷ്മാൻ ഭാരത്- പിഎംഎൽജെഎവൈ യ്‌ക്ക് കീഴിലുള്ള ട്രാൻസ് ജെൻഡജർ സമൂഹത്തിനാകും പദ്ധതി പ്രകാരം ആനുകൂല്യങ്ങൾ ലഭിക്കുക.രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഭിന്നലിംഗക്കാർക്കായുള്ള ആരോഗ്യ പദ്ധതി തുടങ്ങുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ന്യൂനപക്ഷ പിന്നോക്ക സമുദായങ്ങൾക്ക് ആനുകൂല്യങ്ങൾ നൽകുന്നതിലും മികച്ച തീരുമാനമാണ് ഇതെന്നും ചരിത്രത്തിലെ നാഴികക്കല്ലായി മാറാൻ പോകുന്ന പദ്ധതിയാകും ഇതെന്നുമുള്ള ശുഭ പ്രതീക്ഷയും മന്ത്രി പങ്കുവെച്ചു.
ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനുമായി വിവിധ പദ്ധതികളാണ് രാജ്യത്ത് നടപ്പാക്കുന്നത്. ഭിന്നലിംഗക്കാരെയും സമൂഹത്തിന്റെ ഭാഗമായി നിർത്തുന്ന സമൂഹ നീതി വകുപ്പിന്
അദ്ദേഹം നന്ദി അറിയിച്ചു. ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ നിയമം, 2019 , പിഎം ദക്ഷ് പദ്ധതി തുടങ്ങിയ പദ്ധതികളെ കുറിച്ചും അദ്ദേഹം പ്രത്യേകമായി പറഞ്ഞു.നവ ഇന്ത്യ സൃഷ്ടിക്കുന്നതിന്റെ ഭാഗമായി എല്ലാവരും സർക്കാരിനൊപ്പം ചേരണമെന്നും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ചേർത്ത് നിർത്തണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
Comments