തൃശൂർ: അമ്മയെ എലിവിഷം കൊടുത്ത് മകൾ കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന് നിർണായക വിവരങ്ങൾ ലഭിച്ചത് ഇന്ദുലേഖയുടെ ഫോൺ ഹിസ്റ്ററിയിൽ നിന്ന്. കുന്നംകുളം കീഴൂർ സ്വദേശി രുഗ്മിണിയെ ആണ് മകൾ ഇന്ദുലേഖ കൊലപ്പെടുത്തിയത്. എങ്ങനെ വിഷം കൊടുത്ത് കൊല്ലാം എന്നതിനെ കുറിച്ച് ഇന്ദുലേഖ ഗൂഗിളിൽ സെർച്ച് ചെയ്തിരുന്നു. വിഷം ഉള്ളിൽ ചെന്നാൽ എന്തൊക്കെ ലക്ഷണങ്ങൾ കാണിക്കും എന്നതിനെ കുറിച്ചും സെർച്ച് ചെയ്തിരുന്നു. ഇത് പ്രകാരമാണ് എലിവിഷം മേടിക്കാൻ തീരുമാനിച്ചത്. കുന്നംകുളത്തെ കടയിൽ നിന്നാണ് ഇവർ എലിവിഷം വാങ്ങിയത്. തെളിവെടുപ്പിൽ അവശേഷിച്ച ഗുളിക പാക്കറ്റുകളും കണ്ടെത്തിയിട്ടുണ്ട്.
വിഷം കൊടുത്തതിന് ശേഷം അമ്മയെ ആശുപത്രിയിൽ എത്തിച്ചതും ഇന്ദുലേഖ തന്നെയാണ്. അമ്മയ്ക്ക് തുടർച്ചയായി ഛർദ്ദിയാണെന്നും, മഞ്ഞപ്പിത്തമുണ്ടെന്നുമാണ് ആശുപത്രിയിൽ പറഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് മൂന്നാം ദിവസമാണ് രുഗ്മിണി മരിക്കുന്നത്. വിഷം ഉള്ളിൽ ചെന്ന് ദിവസങ്ങളായിട്ടുണ്ടാകാമെന്നാണ് രുഗ്മിണിയെ ചികിത്സിച്ച ഡോക്ടർമാർ പറയുന്നത്. പോസ്റ്റ്മോർട്ടത്തിലാണ് വിഷം ഉള്ളിൽ ചെന്നതാണെന്ന് കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാനുള്ള സാഹചര്യമൊന്നും ഉണ്ടായിരുന്നില്ല. തുടര്‍ന്നാണ് കൊലപാതക സാധ്യതകള്‍ പരിശോധിച്ചത്.
ഇന്ദുലേഖയുടെ മകന്റെ കൈവശം എലിവിഷം കണ്ടതായി അച്ഛൻ പോലീസിന് മൊഴി നൽകി. എലിവിഷത്തിന്റെ പായ്ക്കറ്റ് കളയാൻ ഇന്ദുലേഖ മകനെ ഏൽപ്പിച്ചിരുന്നു. മകൻ ഇത് മുത്തച്ഛനോട് പറഞ്ഞിരുന്നു. ചോദ്യം ചെയ്യലിൽ ആദ്യം കുറ്റം നിഷേധിച്ചെങ്കിലും, ഫോൺ വാങ്ങിയുള്ള പരിശോധനയിൽ പോലീസിന് കൃത്യമായ തെളിവുകൾ ലഭിച്ചു. തുടർന്നാണ് ഇവർ കുറ്റം സമ്മതിച്ചത്. അതേസമയം മാതാപിതാക്കളെ അപായപ്പെടുത്താൻ രണ്ട് മാസം മുൻപും ഇന്ദുലേഖ ശ്രമിച്ചിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതിനായി 20 ഡോളോ ഗുളികകൾ വാങ്ങിയെന്നും ഇന്ദുലേഖ പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
Comments