ഡൽഹി: ജമ്മു കശ്മീരിലെ ഭീകരവാദത്തെ തുടച്ചുനീക്കാൻ ശക്തമായ നീക്കവുമായി കേന്ദ്രസർക്കാർ. ഭീകരവാദത്തെ ഇല്ലാതാക്കുന്നതിന് സൂക്ഷ്മവും ആസൂത്രിതവുമായ പ്രവർത്തനങ്ങൾ സംയുക്തമായി നടത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സുരക്ഷാ സേനയ്‌ക്കും പോലീസിനും നിർദ്ദേശം നൽകി. ജമ്മു കശ്മീരിലെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ ചേർന്ന അവലോകന യോഗത്തിലാണ് അമിത്ഷായുടെ നിർദ്ദേശം.
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, കേന്ദ്ര, ജമ്മു കശ്മീർ ഏജൻസികളിലെ മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു. തീവ്രവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിൽ സുരക്ഷാ സേന നടത്തിയ ഇടപെടൽ വിലയിരുത്തിയ അമിത് ഷാ, ശക്തമായ നടപടിയിലേയ്‌ക്ക് കടന്നുകൊള്ളാൻ സൈന്യത്തിനും പോലീസിനും ഉത്തരവ് നൽകി.
ജമ്മു കശ്മീരിൽ നിന്ന് ഭീകരവാദത്തെ വേരോടെ പിഴുതെറിയണമെന്നും ഭീകരുടെ ശ്രമങ്ങളെയും പ്രവർത്തനത്തെയും ഏതുവിധേനയും തകർക്കണമെന്നും അമിത് ഷാ പറഞ്ഞു. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത കേസുകളിൽ ഉടൻ അന്വേഷണം പൂർത്തിയാക്കാനും അദ്ദേഹം നിർദ്ദേശം നൽകി. സമാധാനപരവും സമൃദ്ധവുമായ ഒരു ജമ്മു കശ്മീരാണ് പ്രധാനമന്ത്രിയുടെയും കേന്ദ്രസർക്കാരിന്റെയും സ്വപ്നം. ഇത് നിറവേറ്റാൻ സംയുക്തമായി പ്രവർത്തിക്കണമെന്നും അമിത് ഷാ പറഞ്ഞു.
Comments