ന്യൂഡൽഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണയുടെ കലാവധി അവസാനിക്കുന്ന ദിനം ചരിത്രത്തിന്റെ ഭാഗമാകുന്നു. സുപ്രീം കോടതിയുടെ ചരിത്രത്തിൽ ആദ്യമായി വാദങ്ങൾ ഇന്ന് തത്സമയ സംപ്രേക്ഷണം ചെയ്യും.20-ഓളം കേസുകളിൽ സുപ്രീം കോടതി വാദം കേൾക്കുന്നതും വിധിന്യായങ്ങളും ആദ്യമായി സ്ട്രീം ചെയ്യും.നാഷണൽ ഇൻഫോർമാറ്റിക്സ് സെന്ററിന്റെ വെബ്കാസ്റ്റ് പോർട്ടലിലൂടെയാണ് തത്സമയം സംപ്രേക്ഷണം ചെയ്യുക.ചീഫ് ജസ്റ്റിസിന്റെ കോടതിയുടെയും സെറിമോണിയൽ ബെഞ്ചിന്റെയും നടപടികളാകും ആദ്യമായി തത്സമയമായി വീക്ഷിക്കാൻ കഴിയുക.
കോടതിയെ ഇ-കോടതി ആക്കി മാറ്റുക എന്ന ലക്ഷ്യത്തിലാണ് തത്സമയ സംപ്രേക്ഷണം നടത്തുന്നത്. സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നീതി ന്യായ വ്യവസ്ഥയിൽ കൂടുതൽ സുതാര്യത ഉറപ്പാക്കും. നിലവിൽ, ഗുജറാത്ത്, ഒറീസ്സ, കർണാടക, ജാർഖണ്ഡ്, പട്‌ന, മധ്യപ്രദേശ് എന്നിങ്ങനെ രാജ്യത്തെ ആറ് ഹൈക്കോടതികൾ അവരുടെ സ്വന്തം ചാനലുകൾ വഴി യുട്യൂബിൽ തത്സമയ സ്ട്രീം ചെയ്യുന്നുണ്ട്.
നിലവിലെ ചീഫ് ജസ്റ്റിസ് എൻവി രമണ വിരമിക്കുന്ന സാഹചര്യത്തിലാണ് തത്സമയ സംപ്രേക്ഷണം നടത്തുന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരിൽ അധിക കാലം പദവിയിൽ തുടർന്ന ചീഫ് ജസ്റ്റിസാണ് എൻവി രമണ. 2014-ലാണ് സുപ്രീം കോടതിയിലേക്ക് നിയമിതനായത്. ആന്ധ്ര ഹൈക്കോടതിയിൽ നിന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ആകുന്ന ആദ്യ ജഡ്ജിയുമാണ് എൻ വി രമണ.കഴിഞ്ഞ വർഷം മാർച്ച് 24നാണ് രാജ്യത്തെ 48-ാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് എൻ.വി. രമണ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റത്. എസ്.എ. ബോബ്‌ഡെയുടെ പിൻഗാമിയായാണ് ഇദ്ദേഹത്തെ നിയമിച്ചത്.
















Comments