ന്യൂഡൽഹി: യുപിഐ ഇടപാടുകൾക്ക് നിരക്ക് ഈടാക്കില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ. ധനമന്ത്രി നിർമലാ സീതാരാമനാണ് ഇക്കാര്യം വീണ്ടും വ്യക്തമാക്കിയത്. ഡിജിറ്റൽ പേമെൻ്റിലൂടെ പൊതു നന്മയാണ് സർക്കാർ കാണുന്നത്.
പൊതുജനങ്ങൾക്ക് ഇത്തരം സേവനങ്ങൾ സൗജന്യമായി തന്നെ ലഭിക്കണം. അക്കാരണത്താൽ ഇന്ത്യൻ സാമ്പത്തിക രംഗം കൂടുതൽ ആകർഷകമാകും. ഡിജിറ്റലൈസേഷനിലൂടെ സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുതാര്യമാകുമെന്ന് കേന്ദ്രമന്ത്രി പറഞ്ഞു. യുപിഐ ഇടപാടുകൾക്ക് പണം ഈടാക്കാനുള്ള സമയമല്ല ഇതെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
യുപിഐ ഇടപാടുകൾ കൂടുതൽ സുരക്ഷിതമാക്കാനും കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുമുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇടപാടുകളിൽ ആർബിഐ വരുത്തുന്ന മാറ്റങ്ങൾക്കുള്ള അഭിപ്രായങ്ങൾ പൊതുജനങ്ങളിൽ നിന്ന് സ്വീകരിക്കുന്നുമുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.
നേരത്തെ യുപിഐ ഇടപാടുകൾക്ക് പണം ഈടാക്കുമെന്ന തരത്തിൽ വ്യാജ വാർത്തകൾ പ്രചരിച്ചിരുന്നു. പിന്നാലെ യുപിഐ സേവനങ്ങൾ സൗജന്യമായി തന്നെ തുടരുമെന്ന് ധനമന്ത്രാലയം വ്യക്തമാക്കിയിരുന്നു. പൊതുജനങ്ങൾക്ക് സൗകര്യപ്രദമായതും സമ്പദ്വ്യവസ്ഥയ്‌ക്ക് ഉത്പാദനക്ഷമത നൽകുന്നതുമായ ഡിജിറ്റൽ സേവനമാണ് യുപിഐ. യുപിഐ സേവനങ്ങൾക്ക് നിരക്ക് ഈടാക്കുന്നത് സംബന്ധിച്ച് സർക്കാർ പരിഗണനയിലില്ല. ഡിജിറ്റൽ പണമിടപാട് നടത്തുമ്പോൾ സേവന ദാതാക്കൾക്കുണ്ടാകുന്ന ചെലവുകൾ മറ്റ് മാർഗങ്ങളിലൂടെ പരിഹരിക്കണമെന്നാണ് ധനമന്ത്രാലയം വ്യക്തമാക്കിയത്.
Comments