ചെന്നൈ: വിമാനത്തിന് നേരെ വ്യാജ ബോംബ് ഭീഷണി മുഴക്കിയതിന് പിന്നാലെ പോലീസിന്റെ വലയിൽ കുടുങ്ങി മദ്യപൻ.ദുബായിലേക്കുള്ള സ്വകാര്യ വിമാനത്തിനെതിരെയാണ് ഇയാൾ ഭീഷണി മുഴക്കിയത്. കുടുംബാംഗങ്ങളുടെ വിദേശ യാത്ര തടയുന്നതിനാണ് ഭീഷണി മുഴക്കിയതെന്ന് പ്രതി സമ്മതിച്ചു.
പ്രതിയുടെ ബന്ധുക്കളായ രണ്ട് പേർ ദുബായിലേക്ക് പോകാനായി വിമാനത്തിൽ കയറി. ഇതിൽ പ്രകോപിതനായി ഇയാൾ സിറ്റി പോലീസിന്റെ കൺട്രോൾ റൂമിലേക്ക് വിളിച്ച് ബോംബ് വെച്ചതായി വ്യക്തമാക്കി. വിവരത്തെ തുടർന്ന് സുരക്ഷാ ഏജൻസികൾ വിമാനത്തിൽ പരിശോധനകൾ നടത്തി.എന്നാൽ അത്തരത്തിൽ സ്‌ഫോടക വസ്തുക്കൾ കണ്ടെത്തിയില്ലെന്ന് ഏജൻസി അറിയിച്ചു.180 യാത്രക്കാരുമായി വിമാനം യാത്ര തുടർന്നു.
കോൾ വന്ന ലോക്കേഷൻ പിന്തുടർന്ന് ഭീഷണി സന്ദേശം എത്തിയത് നഗരത്തിൽ നിന്നാണെന്ന് വ്യക്തമായി. ഇതെ തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിൽ പ്രതിയെ പിടി കൂടുകയായിരുന്നു. 43 വയസ്സുകാരനായ രഞ്ജിത്ത് എന്ന ട്രാവൽ ഏജന്റാണ് പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.
അടുത്തിടെയായി സമാന രീതിയിൽ സംഭവങ്ങൾ വിവിധയിടങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സേലം മേട്ടൂർ അണക്കെട്ട് തകർക്കുമെന്ന് യുവാവ് വ്യാജ ഭീഷണി മുഴക്കിയിരുന്നു. ഇയാളും മദ്യലഹരിയിലായിരുന്നു ഭീഷണി സന്ദേശം മുഴക്കിയത്. വ്യാജ സിം കാർഡിൽ നിന്നുമാണ് ഇയാൾ ഭീഷണി സന്ദേശം അറിയിച്ചതെന്ന് അന്വേഷണത്തിൽ തെളിഞ്ഞിരുന്നു.
Comments