തിരുവനന്തപുരം: നെഹ്‌റു ട്രോഫി വള്ളം കളിക്ക് മുഖ്യാതിഥിയായും ഓണാഘോഷത്തിൽ പങ്കെടുക്കാനും കേന്ദ്ര ആഭ്യന്തമന്ത്രി അമിത്ഷായെ മുഖ്യമന്ത്രി ക്ഷണിച്ചതിൽ വിമർശനവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മുൻ ബിജെപി അദ്ധ്യക്ഷനെ ക്ഷണിച്ചതിലൂടെ മുഖ്യമന്ത്രി പ്രകടിപ്പിച്ചത് വർഗീയ ശക്തികളോടുള്ള വിധേയത്വവും ബിജെപിയോടുള്ള സ്‌നേഹവുമാണെന്നാണ് സുധാകരന്റെ വിമർശനം. വള്ളംകളി നെഹ്റുവിന്റെ പേരിലാണെന്നും അമിത്ഷായെ വിളിക്കാൻ പാടില്ല എന്നുമാണ് കെപിസിസി പ്രസിഡന്റിന്റെ വാദം.
നെഹ്‌റു നിന്ദകരുരായ സംഘപരിവാർ നേതാക്കൾ അമിത പ്രാധാന്യം നൽകുന്നു. ഇത് പൊളിറ്റ് ബ്യൂറോയുടെ ആശിർവാദത്തോടെയാണോ എന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കണമെന്ന് സുധാകരൻ ആവശ്യപ്പെടുന്നു. ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള വള്ളം കളിയിൽ അദ്ദേഹത്തെ ഏറ്റവും കൂടുതൽ അപമാനിക്കുകയും തമസ്‌കരിക്കുകയും ചെയ്യുന്നവരെ മുഖ്യാതിഥിയായി ക്ഷണിക്കാനുള്ള മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണെന്ന് സുധാകൻ ഫേയ്സ്ബുക്കിൽ കുറിച്ചു.
ലാവ്‌ലിൻ കേസുമായി ബന്ധപ്പെട്ട ഹർജികൾ മാറ്റിവെച്ചതിന്റെയും സ്വർണ്ണക്കടത്ത് കേസിൽ കേന്ദ്ര അന്വേഷണ ഏജൻസികളുടെ അന്വേഷണം ഗതിമാറിയതിന്റെയും പൊരുൾ ഇപ്പോഴാണ് മനസ്സിലായതെന്നുമാണ് സുധാകരന്റെ വിമർശനം. പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഗുജറാത്ത് മോഡൽ പഠിക്കാൻ ഉദ്യോഗസ്ഥ സംഘത്തെ അയച്ച മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നും ഇത്തരം സംഘപരിവാർ പ്രീണന നിലപാട് ഉണ്ടായതിൽ അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം വാദിക്കുന്നു.
















Comments